Cardiac surgery: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന മാർഗങ്ങൾ; അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

Kottayam medical college: അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 08:48 PM IST
  • രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം
  • സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്
Cardiac surgery: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന മാർഗങ്ങൾ; അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗമാണ് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്തത്. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കിയത്.

രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌ക്കുലാർ ടെക്‌നിക്‌സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു.

ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

ഇത്തരം സങ്കീർണമായ അവസ്ഥകളിൽ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കൽ കോളേജ് വികസിപ്പിച്ചത്. അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്.

ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിർത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയും, ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു.

കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.

അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ വിജയം കൈവരിച്ച ഈ നൂതന രീതികൾ, പരമ്പരാഗത ഹൃദയ ശസ്ത്രക്രിയാ രീതികളിൽ നിന്നും വലിയ മുന്നേറ്റമാണ്. ലോകത്ത് അത്യപൂർവമായി മാത്രം കാണുന്ന ക്യൂട്ടിസ് ലാക്സ തൊറാസിക് അയോർട്ടിക് അന്യൂറിസം എന്ന ജനിതക രോഗത്തിനുള്ള സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി കാർഡിയോതൊറസിക് വിഭാഗം കഴിഞ്ഞ വർഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News