കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് അനുശോചനം രേഖപ്പെടുത്തും. ഡൽഹി എകെജെ ഭവനിലാണ് സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. പിബി യോഗത്തിന് ശേഷം പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്ത സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ദേശീയ നേതാക്കൾ കേരളത്തിലെത്തി സംസ്ക്കാര ചടങ്ങലുകളിൽ പങ്കെടുക്കും.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരാനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം കോടിയേരിയുടെ മൃതദേഹം രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശേരിയിൽ എത്തും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും.
മാടപ്പീടികയിലെ വസതിയിൽ നാളെ രാവിലെ 10 വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ എന്നിവിടങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...