പൈതൃകത്തെ ഇഷ്ടപ്പെടുന്നവർക്കും ചരിത്രാന്വേഷികൾക്കും എന്നും പ്രിയപ്പെട്ടതാണ് പഴയകാല ഇല്ലങ്ങൾ. ഇന്നും സംരക്ഷിച്ചു പോരുന്ന ഇല്ലങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. നാല് കെട്ട്, എട്ട് കെട്ട് തുടങ്ങി വിവിധ തരത്തിലാണ് ഇല്ലങ്ങൾ നിർമ്മിച്ചിട്ടുള്ളത്. മലബാറിലെ തന്നെ അപൂർവ്വം എട്ട് കെട്ടുകളിൽ ഒന്നാണ് കോഴിക്കോട് നരിക്കുനിയിലെ പൊന്നടുക്കത്തില്ലം. ചരിത്രവും പാരമ്പര്യവുമെല്ലാം ഇഴചേർന്ന് നിൽക്കുന്ന ഈ ഇല്ലത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്.
ചുവർ ചിത്രങ്ങളാൽ പൊന്നടുക്കത്തില്ലത്തെ ഇപ്പോൾ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇല്ലത്തുള്ളവരെല്ലാം ഒത്തുചേർന്നാണ് മനോഹരമായ ചിത്രപണികൾ പൂർത്തീകരിച്ചത്. അതി പുരാതനമായ വാസ്തു ശൈലിയോട് ചേർന്ന് നിൽക്കുന്നതാണ് ഇവിടെ വരച്ചുവെച്ച ചിത്രങ്ങളും. ഒരു കുടുംബത്തിന്റെ മുഴുവൻ സർഗാത്മകതയുടെ വേദിയാവുകയാണ് ഇല്ലത്തിന്റെ ചുമരുകൾ.
താന്ത്രിക് ആർട്ട്, മ്യൂറൽ ചിത്രരചന എന്നിവയിൽ ഒരുക്കിയ ദൃശ്യ വിസ്മയം കാണാനും നിരവധി ആളുകളാണ് എത്തുന്നത്. താന്ത്രിക്ക് ചിത്രരചനയിലെ ഏറ്റവും ലളിതമായ സ്വസ്തികം മുതൽ അതി സങ്കീർണ്ണമായ ശ്രീചക്രം വരെ നീളുന്നതാണ് ഈ രചന വൈഭവം. ആദിത്യൻ, പരമശിവന്റെ പ്രതോഷനൃത്തം, ഗണപതി, ശാസ്താവ് തുടങ്ങിയ ചിത്രങ്ങൾ തനത് ചുവർ ചിത്ര ശൈലിയെ അവലംബിച്ചാണ് ഒരുക്കിയിരിക്കുന്നത്.
നിരവധി ചരിത്ര ശേഷിപ്പുകൾ പൊന്നടുക്കത്തില്ലത്ത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പൗരാണിക വാസ്തു ശൈലിയും ചരിത്ര ശേഷിപ്പുകളും കാണാനും പഠിക്കാനുമായി നിരവധി ആളുകൾ ഇല്ലത്ത് എത്താറുണ്ട്. നിരവധി സിനിമകൾ ഈ ഇല്ലത്തിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...