തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് (Covid) സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ (Chief Minister) അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം (Review meeting) ചേരും. ഞായറാഴ്ച ലോക്ഡൗൺ (Sunday Lockdown), രാത്രി കർഫ്യൂ (Night Curfew) എന്നിവയിൽ ഇളവ് അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. നിപ സാഹചര്യവും യോഗത്തിൽ വിലയിരുത്തും. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് യോഗം ചേരുക.
ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷ അത്ര രോഗവ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ സംസ്ഥാനത്ത് ഞായറാഴ്ച തുടരുന്ന ലോക്ഡൗണും, രാത്രികാല കർഫ്യുവും പിൻവലിക്കണമെന്നാണ് ഉപദേശം. ഈ സാഹചര്യത്തിലാണ് ഇരു നിയന്ത്രണങ്ങളും തുടരണോയെന്ന കാര്യം ചർച്ച ചെയ്യുന്നത്.
Also Read: Kerala COVID Update സംസ്ഥാനത്ത് ഇന്ന് 19,688 കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു, TPR 16.71
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ നിർദേശങ്ങൾ ഉയർന്നെങ്കിലും കോവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജന ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമം ആണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കേരളം ഇനിയും പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
പൂർണമായ അടച്ചിടൽ സംസ്ഥാനത്ത് ഇനിയും പ്രായോഗികമല്ല. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വാർഡുതല സമിതികളുടെ പ്രവർത്തനം പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
Also Read: Lockdown in Kerala: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾ മാത്രം
തിങ്കളാഴ്ച ആരോഗ്യവകുപ്പ് (Health Department) പുറത്തുവിട്ട കൊവിഡ് വിവരങ്ങളിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 16.71 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. വിവിധ ജില്ലകളിലായി 6,20,739 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും (Institutional Quarantine) 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...