ജോസും ജോസഫും ഇനി ഒന്നിക്കില്ല; ബിഷപ്പിന്റെ മധ്യസ്ഥത അടഞ്ഞ അധ്യായം, ജോസഫ് ക്യാമ്പിലെ നിരാശയ്ക്ക് പിന്നിൽ...

ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഈ നിലപാടിലെത്തിയത്. ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്.   

Written by - ടി.പി പ്രശാന്ത് | Edited by - Binu Phalgunan A | Last Updated : Mar 7, 2022, 03:20 PM IST
  • ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് മധ്യസ്ഥ നീക്കങ്ങളിൽ നിന്ന് ബിഷപ് പിൻമാറിയത്.
  • ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്.
  • ഫ്രാൻസിസ് ജോർജ്ജിനെ മുന്നിൽ നിർത്തിയുള്ള ഇവരുടെ നീക്കങ്ങളും പരാജയപ്പെട്ടിരിക്കുകയാണിപ്പോൾ
ജോസും ജോസഫും ഇനി ഒന്നിക്കില്ല; ബിഷപ്പിന്റെ മധ്യസ്ഥത അടഞ്ഞ അധ്യായം, ജോസഫ് ക്യാമ്പിലെ നിരാശയ്ക്ക് പിന്നിൽ...

തിരുവനന്തപുരം: ജോസ് കെ മാണിയ്ക്കും പി ജെ ജോസഫിനും ഇടയിലുള്ള തർക്ക വിഷയങ്ങളിൽ പാലാ ബിഷപ്പ് ഇനി മധ്യസ്ഥത വഹിക്കില്ലെന്ന് സൂചന. ജോസഫുമായുള്ള കൂട്ടുകെട്ട് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ മാണി അറിയിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഈ നിലപാടിലെത്തിയത്. 

നർക്കോട്ടിക് ജിഹാദ് പരാമർശം വൻ വിവാദമായ  കാലയളവിൽ  ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും  ബിഷപ്പിനെ സന്ദർശിക്കാനെത്തിയിരുന്നു. ജോസ് കെ മാണിയെ അനുനയിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും ബിഷപ്പ് ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്താനും മാണി സി കാപ്പനെ വിജയിപ്പിക്കാനും പാലാ രൂപതയുടെ ഇടപെടലുണ്ടായിരുന്നുവെന്ന ആരോപണം നിലനിൽക്കുന്ന ഘട്ടത്തിൽ പിജെ ജോസഫിന്റെ നിർദ്ദേശപ്രകാരമായിരുന്നു നേതാക്കളുടെ സന്ദർശനം. ബിഷപ്പിനെ പിന്തുണ അറിയിക്കുന്നതിനാണ് നേതാക്കൾ എത്തിയിരുന്നതെന്ന് പരസ്യമായി പറയുമ്പോഴും ലക്ഷ്യം ജോസ് കെ മാണിയെ അനുനയിപ്പിക്കലായിരുന്നു. ഇക്കാര്യം ബിഷപ്പ്,  ജോസ് കെ മാണിയുമായി സംസാരിക്കാമെന്ന് ജോസഫ് വിഭാഗത്തിന് ഉറപ്പുനൽകുകയും ചെയ്തു. 

കോഴിക്കോട് സന്ദർശനം കഴിഞ്ഞെത്തിയ ജോസ് കെ മാണിയെ ബിഷപ്പ് നേരിട്ട് വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. പിജെ ജോസഫ് തന്നെ ഇല്ലായ്മചെയ്യാൻ നിരവധി ശ്രമങ്ങൾ നടത്തിയെന്നും നിയമയുദ്ധത്തിൽ നിരവധി ക്ലേശങ്ങളും മാനസിക വ്യഥകളും അനുഭവിക്കേണ്ടി വന്നുവെന്നും ജോസ് കെ മാണി വെളിപ്പെടുത്തി. സത്യം ജയിച്ചു, ഇനി ജോസഫിനെ പോലുള്ള നേതാക്കളെ വീണ്ടും കൂടെക്കൂട്ടി തലവേദനയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിക്ക് ഇനി ആവശ്യം പ്രവർത്തകരെയാണെന്നും പിതാവ് ഉപദ്രവിക്കരുതെന്നും ജോസ്  അറിയിച്ചതോടെ  തർക്ക വിഷയത്തിൽ ഇനി ഇടപെടില്ലെന്ന ഉറപ്പ് പാലാ ബിഷപ്പ് നൽകുകയായിരുന്നു. 

ഇതോടെ കടുത്ത നിരാശയിലായത് ജോസഫ് ഗ്രൂപ്പിലുള്ള ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടൻ എന്നിവരാണ്. ഇവർ ഒരുമിച്ച് ചേർന്ന് ഫ്രാൻസിസ് ജോർജിനെ മുൻനിർത്തി  പ്രത്യേക പാർട്ടിയുണ്ടാക്കി യുഡിഎഫിൽ ഘടകക്ഷിയാകാനും കരുക്കൾ നീക്കി. പിജെ ജോസഫ് ചതിച്ചുവെങ്കിലും എന്നുമെന്നും മുന്നണി വിടാനും പാർട്ടി രൂപീകരിക്കാനും ബുദ്ധിമുട്ടുണ്ടെന്നാണ് ഫ്രാൻസിസ് ജോർജ് അവരെ അറിയിച്ചതോടെ ഈ നീക്കം പൊളിഞ്ഞു. ഇത് ജോസഫ് ഗ്രൂപ്പിന്റെ മെമ്പർഷിപ്പ് വിതരണത്തിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Trending News