തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. താൻ പുറത്തുവിട്ട രേഖകൾ വ്യാജമെങ്കിൽ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിയമനടപടി സ്വീകരിക്കാമെന്ന് അനില്‍ അക്കര വെല്ലുവിളിച്ചു. ഇക്കഴിഞ്ഞ എട്ടിന് തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കരുവന്നൂർ വിഷയം ഉയർന്നു വന്നപ്പോൾ പി.കെ ബിജുവും കമ്മീഷന്‍ അംഗമായിരുന്നെന്ന കാര്യം കമ്മീഷൻ അംഗമായിരുന്ന പി കെ ഷാജൻ വെളിപ്പെടുത്തിയതാണ്. എന്നിട്ടും സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ അംഗമായിരുന്നില്ലെന്ന പി കെ ബിജുവിന്റെ വാദം അപഹാസ്യമാണെന്നും അനിൽ അക്കര പറഞ്ഞു.
അതേസമയം കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകും. രാവിലെ 11 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിന് മുമ്പ് രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യമുണ്ടെന്ന് മൊയ്തീൻ അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22 നാണ് എസി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകൾ ഇഡി കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളിൽ എസി മൊയ്തീനുമായി ബന്ധമുള്ള കേസിലെ ഇടനിലക്കാരെ പലരേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ഇനിയും എ സി മൊയ്തീൻ എംഎൽഎ ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാമെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ഹാജരാകണമെന്ന് ഇഡി മൂന്നാം നോട്ടീസ് നല്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണ് മൊയ്തീനു നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തവണയും മൊയ്തീൻ ഹാജരായില്ലെങ്കിൽ പ്രതിയാകാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന നോട്ടീസ് അയയ്ക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് ഇ ഡിയുടെ തീരുമാനം.
ഇതിനിടയിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണ്ടെന്ന് സിപിഐഎം നേതൃത്വം എസി മൊയ്തീന് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എ സി മൊയ്തീന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി മൊയ്തീന് നോട്ടീസ് നൽകിയത്. വീട്ടിൽ നടന്ന റെയ്ഡിനെ തുടർന്ന് എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത്.
കേസില്‍ ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. പി പി കിരണിനേയും സതീഷ് കുമാറിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇഡി കേസിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...