കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പുതിയ നിബന്ധന. ആനുകൂല്യം ലഭിക്കുന്നതിനായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ നിബന്ധന. ഇൻഷുറൻസിന്‍റെ പേരിൽ നടക്കുന്ന തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്ക്കാരം എന്നാണ് അധികൃതർ നൽകുന്ന ന്യായീകരണം. സർക്കാരിന്റെ പുതിയ നിബന്ധനയെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞിരിക്കുകയാണ്.
അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും വീൽ ചെയറുകളിലുമായി ആശുപത്രി കൊണ്ടറിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിലെ ആശുപത്രികളിൽ സംഭവിക്കുന്നതാണിത്. അടുത്തിടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു സംഭവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിക്ക് അടിയന്തര സ്കാനിംഗ് നിർദ്ദേശിച്ചു. രോഗിയുടെ മകനായിരുന്നു ഒപ്പമുണ്ടായിരുന്നത്. രോഗി കിടക്കുന്നിടത്ത് നിന്നും 100 മീറ്റർ അകലെയുള്ള കൗണ്ടറിൽ ചെന്ന് വിരലടയാളം പതിപ്പിച്ചാൽ മാത്രമെ കാരുണ്യ പദ്ധതി ഇൻഷുറൻസ് കിട്ടുകയുള്ളൂ. നിവൃത്തിയില്ലാതെ അത് ഒഴിവാക്കി. രണ്ട് മണിക്കൂറിന് ശേഷം രോഗി മരിക്കുകയും ചെയ്തു.
നേരത്തെ രോഗിക്കൊപ്പമുള്ള ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന നിബന്ധന സർക്കാർ കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിനായി രോഗി ഹെൽത്ത് കാർഡ് പതിപ്പിക്കണം. അകലെയുള്ള വാർഡുകളിൽ നിന്ന് രോഗികളെ കൊണ്ടുവന്ന് കൗണ്ടറിൽ ക്യൂ നിൽക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
Also Read: കാസർകോട് ഷവർമ സാമ്പിളുകളിൽ സാൽമൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യമെന്ന് വീണാ ജോർജ്
അതേസമയം തീരെ അവശനിലയിലുള്ള രോഗികൾ ആശുപതി സൂപ്രണ്ടിന്‍റെ സത്യവാങ്മൂലം എഴുതി വാങ്ങിയാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇതിന്റെ പ്രായോഗികതയെത്രയാണെന്നും ചോദ്യങ്ങളുയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...