കടലുകാണി പാറയിലെ കാണാകാഴ്ചകൾ; വർക്കലയും പൊന്മുടിയും ഒരുപോലെ ദൃശ്യമാകും

കടലുകാണിപ്പാറയിൽ നിന്ന് വർക്കലയിലേക്കും പൊൻമുടിയിലേക്കും തുല്യദൂരമാണ്. പാറയുടെ ഏറ്റവും മുകളിലെത്തിയാൽ തെളിഞ്ഞ കാലാവസ്ഥയിൽ വർക്കലയിലെ കടലും പൊൻമുടിയിലെ ഹിൽടോപ്പും കാണാനാകും. 

Written by - ഗോവിന്ദ് ആരോമൽ | Last Updated : Apr 30, 2022, 06:36 PM IST
  • തിരുവനന്തപുരം നഗരത്തിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് കടലുകാണി പാറ.
  • പാറയിടുക്കിൽ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്ന തരത്തിൽ ഒരു കാവ് ഉണ്ട്.
  • കടലുകാണിപ്പാറയിൽ നിന്ന് വർക്കലയിലേക്കും പൊൻമുടിയിലേക്കും തുല്യദൂരമാണ്.
കടലുകാണി പാറയിലെ കാണാകാഴ്ചകൾ; വർക്കലയും പൊന്മുടിയും ഒരുപോലെ ദൃശ്യമാകും

ഞാൻ യാത്ര പോകാൻ തീരുമാനിച്ചാൽ മഴ എനിക്ക് മുന്നേ ആ യാത്രക്ക് തയ്യാറാകും, മഴയും ഞാനുമായി വർഷങ്ങളായി തുടരുന്ന ആ അനശ്വര ബന്ധം ഈ യാത്രയിലും തുടരുകയാണ്. കുറച്ച് കാലമായി മനസ്സിൽ കടന്നുകൂടിയ സ്ഥലത്തേക്ക് ഞാനും എൻ്റെ ഡോമിയും യാത്ര തിരിച്ചു, കനത്ത മഴയാണ് തലേ ദിവസവും പെയ്തത്, പക്ഷെ രാവിലെ മേഘം നിറഞ്ഞെങ്കിലും മഴ പെയ്തില്ല, പക്ഷെ തുടർച്ചയായ മഴ പെയ്തതുകൊണ്ട് തണുത്ത കാലാവസ്ഥയായിരുന്നു. 

തിരുവനന്തപുരം നഗരത്തിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള കടലുകാണി പാറയിലേക്കാണ് ഇത്തവണത്തെ യാത്ര. ഇപ്പോഴും പല യാത്ര പ്രേമികൾക്കും അജ്ഞാതമാണ് കടലുകാണി പാറ. അതുകൊണ്ട് പ്രകൃതിയൊളിപ്പിച്ച ആ അജ്ഞാത സുന്ദരിയുടെ സൗന്ദര്യം ആസ്വദിക്കാൻ കൂടിയാണ് യാത്ര. എം സി റോഡിലൂടെയാണ് യാത്ര, കുഴികൾ അധികമില്ല എന്നാൽ ക്യാമറകൾ തലങ്ങും വിലങ്ങും ഉള്ളതിനാൽ പതുക്കെയാണ് പോയത്. ഏതാണ്ട് മുക്കാൽ മണിക്കൂർ സമയംകൊണ്ട് കാരേറ്റ് എത്തി. അവിടെ നിന്ന് വലത്തേക്കുള്ള ചെറിയ റോഡിലൂടെ 4 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്ത് എത്തും. ഗൂഗിൾ മാപ്പ് നോക്കി പോയാലും വഴി തെറ്റില്ല.

ചെറിയ ചെറിയ കയറ്റങ്ങൾ ഒരുപാട് കയറി. റോഡിന്റെ വീതി കുറഞ്ഞ് വന്നു. അതുകൊണ്ട് തന്നെ കടലുകാണി എത്തി എന്ന് മനസിലായി. എത്തുമ്പോൾ തന്നെ കോട മൂടിയ കുന്നുകൾ കണ്ണിന് വിരുന്നായി മുന്നിൽ എത്തും. ആ കാഴ്ച തന്നെ നമ്മുടെ മനസ്സിനെ കുളിർപ്പിക്കും. അതുകണ്ട് എല്ലാം മറന്ന് ഞാൻ നിന്നു. കുറച്ച് സമയം കഴിഞ്ഞാണ് ചുറ്റുപാടും ഞാൻ നോക്കിയത്. വ്യൂപോയിന്റ്, പാർക്കിങ്, നടപ്പാത, ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവയൊക്കെ നിർമ്മിച്ചിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ട് നടന്നാൽ ഭീമാകാരമായ പാറകൾക്ക് ഇടയിലൂടെയുള്ള കല്ല് പാകിയ പാത കാണാം. അതിലൂടെ വീണ്ടും മുകളിലേക്ക് നടന്നാൽ കുറച്ചുകൂടി വ്യക്തമായതും സൗന്ദര്യമേറിയതുമായ കാഴ്ചകൾ ലഭിക്കും. പാറയിടുക്കിൽ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്ന തരത്തിൽ ഒരു കാവും ഉണ്ട്.

കടലുകാണിപ്പാറയിൽ നിന്ന് വർക്കലയിലേക്കും പൊൻമുടിയിലേക്കും തുല്യദൂരമാണ്. പാറയുടെ ഏറ്റവും മുകളിലെത്തിയാൽ തെളിഞ്ഞ കാലാവസ്ഥയിൽ വർക്കലയിലെ കടലും പൊൻമുടിയിലെ ഹിൽടോപ്പും കാണാനാകും. ആ വിദൂരതയിൽ അൽപനേരം എല്ലാം മറന്ന് ഞാൻ ഇരുന്നു. ഞാൻ സുന്ദരഭൂമികയിൽ അലിഞ്ഞു ചേർന്നു.

Also Read: പ്രിഥ്വി അമ്മക്കുട്ടി; ഇന്ദ്രനാണ് വീട്ടിലെ കാരണവർ;ഞാൻ മക്കളുടെ ചെലവിലല്ല ജീവിക്കുന്നത്;മനസ്സ് തുറന്ന് മല്ലിക സുകുമാരൻ

എന്നാൽ പരിസര ശുചിത്വം തീരെ ഇല്ലാത്ത അവസ്ഥയിലാണ് കടലുകാണി. എങ്ങും ചപ്പും ചവറും പ്ലാസ്റ്റിക് കുപ്പികളും കിടപ്പുണ്ട്. പ്രകൃതിയുടെ സൗന്ദര്യം നശിപ്പിക്കുന്നതിലും നമ്മൾ മലയാളികൾ നമ്പർ വൺ ആണല്ലോ. എന്തായാലും അതൊക്കെ വൃത്തിയാക്കാനും ഈ മനോഹരമായ സ്ഥലം പ്ലാസ്റ്റിക് മുക്തമാക്കാനും അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്ന അപേക്ഷയും ഞാൻ എന്ന യാത്രപ്രേമി മുന്നോട്ട് വെക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News