തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയിൽ കല്ലിടൽ നടന്ന സ്ഥലത്ത് പോലീസ് ജനങ്ങൾക്ക് നേരെ തിരിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പോലീസ് നരനായാട്ട് അവസാനിപ്പിക്കാൻ തയ്യാറാകണം. കെ.റെയില്‍ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്‍റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കുമെന്നു സുധാകരൻ പറഞ്ഞു.
പ്രതിഷേധം ഭയന്ന് സിപിഎമ്മിന്‍റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കല്ലിടല്‍ സമയത്ത് നിര്‍ത്തിവെച്ചിരുന്നു. കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരില്‍ പൊലീസ് അഴിഞ്ഞാടുകയാണ്. പ്രതിഷേധിക്കുന്നവർക്ക് നേരെ പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാര്‍ഹമാണ് - കെ.സുധാകരൻ പറഞ്ഞു.
കോട്ടയം മാടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലീസ് നടത്തിയ തേര്‍വാഴ്ച കേരളം മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നല്‍കിയത്. പോലീസിന്‍റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നതാണ് നല്ലതാണെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
അധികാരമുഷ്ടി പ്രയോഗിച്ച് സര്‍വ്വെക്കല്ല് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി തുനിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പായും പിഴുതെറിയും. കെ.റെയില്‍ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നുള്ള സര്‍ക്കാരിന്‍റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.അതേസമയം, മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ എതിർപ്പും സമരവുമായി രംഗത്തുള്ള സിപിഎം കെ.റെയില്‍ പ്രതിഷേധത്തിനെതിരെ മുഖം തിരിക്കുന്നത് ഇരട്ടത്താപ്പാണ്. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ ചാടിവീണ വൃന്ദാകാരാട്ട് കെ.റെയില്‍ പദ്ധതിയുടെ പേരില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പതിനായിരങ്ങളുടെ കണ്ണീര്‍ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ അപ്രായോഗികത മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ അലോക് കുമാര്‍ വര്‍മ്മ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാന്‍പോലും തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കേരളം ഒന്നടങ്കം ഈ പദ്ധതിയെ എതിര്‍ക്കുമ്പോള്‍ അത് ഏത് വിധേനയും നടപ്പാക്കുമെന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്ന് വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്ന് സുധാകരന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA