തിരുവനന്തപുരം: കെ റെയിൽ വിവാദത്തിൽ സർക്കാരിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രതിപക്ഷം. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന അതിരടയാളക്കല്ലുകൾ പിഴുത് മാറ്റുന്നവർക്കെരിരെ കേസ് എടുക്കാനുള്ള സർക്കാർ തീരുമാനത്തോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസും ബിജെപിയും പ്രതികരിച്ചത്. നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധത്തിന്റെ ശക്തി പതിൻമടങ്ങ് കൂട്ടിയിരിക്കുകയാണ് കോൺഗ്രസ്.
ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോയാൽ മന്ത്രി മന്ത്രിരങ്ങളിലും ക്ലിഫ് ഹൗലിന് മുന്നിലും വരെ പ്രതിഷേധക്കല്ലുകൾ നാട്ടുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. ബിജെപിയും യുവമോർച്ചയും ശക്തമായി തന്നെ സമര രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അതിന് ശ്രമിച്ചാൽ മറ്റ് പ്രദേശങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
തീവ്രവാദ സംഘടനയിൽപ്പെട്ടവരും സമര രംഗത്തുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ മുഖ്യമന്ത്രിയും പ്രതിഷേധക്കാരെ വെല്ലുവിളിച്ച് രംഗത്ത് എത്തി. പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും എതിർപ്പുകൾക്ക് മുന്നിൽ വഴങ്ങില്ലെന്നുമാണ് മുഖ്യമന്ത്രി സമരക്കാരെ ഓർമിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ രാത്രിയിലും അതിരടയാളക്കല്ലുകൾ പ്രതിഷേധക്കാർ പിഴുത് മാറ്റുന്നുണ്ട്. ശക്തമായ പ്രതിഷേധം മൂലം പലയിടങ്ങളിലും കല്ലുകൾ സ്ഥാപിക്കാനാകാതെ ഉദ്യാഗസ്ഥർ മടങ്ങുന്ന സാഹചര്യവും നിലവിലുണ്ട്.
കല്ലുകൾ പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ പുതിയ കല്ലുകൾ സ്ഥാപിക്കുമെന്ന് കെ റെയിൽ എം.ഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് അത്ര എളുപ്പമല്ല. അത്തരം നടപടികളിലേക്ക് കടന്നാൽ പ്രതിഷേധം കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സർക്കാരും കണക്കൂട്ടുന്നു. ജനങ്ങളെ വെല്ലുവിളിച്ച് കല്ലിടൽ നടപടിയുമായി സർക്കാർ ഇനിയും മുന്നോട്ട് പോയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയാണ് ഇപ്പോൾ. അതേസമയം, ഔദ്യോഗിക സംവിധാനങ്ങൾ പൂർണതോതിൽ ഉപയോഗിച്ച് പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...