Fuel price hike: സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം, നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി

ഇന്ധനവില വർധനവിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 12:45 PM IST
  • എൻ.ഷംസുദീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
  • കൊവിഡ് കാലത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി സംസ്ഥാന സർക്കാരെങ്കിലും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
  • നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ നികുതി വിഹിതം വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്നാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ സഭയിൽ വ്യക്തമാക്കിയത്
  • കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ കൊണ്ടും മുൻ യുപിഎ സർക്കാരിന്റെ നിലപാടുകൾ കൊണ്ടുമാണ് ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി
Fuel price hike: സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം, നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധനവ് നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം (Opposition). സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇന്ധന നികുതി കുറയ്ക്കാൻ ആകില്ലെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. ഇന്ധനവില വർധനവിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കർ (Speaker) അനുമതി നിഷേധിച്ചു.

എൻ.ഷംസുദീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കൊവിഡ് കാലത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി സംസ്ഥാന സർക്കാരെങ്കിലും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ നികുതി വിഹിതം വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്നാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ സഭയിൽ വ്യക്തമാക്കിയത്.

ALSO READ: Petrol diesel price hike: ഇന്ധന വില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില വർധിപ്പിച്ചത് 22 തവണ

കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ കൊണ്ടും മുൻ യുപിഎ സർക്കാരിന്റെ നിലപാടുകൾ കൊണ്ടുമാണ് ഇന്ധന വില (Fuel price) ക്രമാതീതമായി വർധിക്കുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ഇത് ജനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് പ്രതിപക്ഷം നരേന്ദ്ര മോദി സർക്കാരിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാത്തതെന്ന് ബാല​ഗോപാൽ ചോദിച്ചു. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയമായ ഉദ്ദേശ്യത്തോടെയാണെന്ന് ധനമന്ത്രി പറഞ്ഞു.

ഇന്ധന സബ്സിഡി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെഎസ്ആർടിസി, മത്സ്യത്തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിങ്ങനെയുള്ള മേഖലകളിലുള്ളവർക്ക് ഇന്ധന സബ്സിഡി ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. ഇത് വലിയ ആശ്വാസമാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്തുകൊണ്ട് ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ജിഎസ്ടിയിലേക്ക് കൊണ്ടുവരികയാണെങ്കിൽ 28 ശതമാനത്തിന് അപ്പുറത്തേക്ക് നികുതി ഉണ്ടാകില്ല. ക്രൂഡ് ഓയിൽ വില (Crude oil price) കുറഞ്ഞിട്ടും മോദി സർക്കാർ നികുതി കൂട്ടുന്നുവെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. യുപിഎ സർക്കാർ ആണ് ഉത്തരവാദി എന്ന ധനമന്ത്രിയുടെ നിലപാട് പരോക്ഷമായി മോദിയെ സഹായിക്കലാണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

ALSO READ: Petrol Price Hike: ഡീസലേതാ? പെട്രോൾ ഏതാ? വിലയിൽ രണ്ടും റെക്കോർഡിൽ

സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News