തൃശ്ശൂര്‍: തൃശ്ശൂർ കുന്നംകുളത്ത് വസ്ത്രശാലയില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന കല്യാൺ സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടിത്തമെന്നാണ് ആദ്യം കരുതിയത്. കുന്നംകുളം ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിരിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെ കുന്നംകുളം, ഗുരുവായൂർ , വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ വിവരം അറിയിച്ചു.
തുടർന്ന്, ഇവിടങ്ങളില്‍ നിന്നുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. തൃശ്ശൂര്‍ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്ക്കറും സ്ഥലത്തെത്തിയിരുന്നു. രണ്ടുമണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി.
കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സജിത്ത് മോനെ ഉടൻതന്നെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...