Trivandrum| കേരളത്തിൽ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഡാം തുറക്കൽ സംബന്ധിച്ച് ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.
കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്.
നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കി ,മാട്ടുപ്പെട്ടി, പൊന്മുടി,പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാര്‍ നീല അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലെര്‍ട്ടില്‍ ആണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലെര്‍ട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലെര്‍ട്ടിലും ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...