K Surendran: കർണാടകയിൽ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

K Surendran about Congress in Kerala: കേരളത്തിലെ കോൺഗ്രസിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്? അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2024, 04:32 PM IST
  • പരസ്പര സഹകരണം യുഡിഎഫ്- എൽഡിഎഫ് കേസുകളിലാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ കേസുകളും ഇരുകൂട്ടരും അഡ്ജസ്റ്റ് ചെയ്യുകയാണ്.
  • വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
K Surendran: കർണാടകയിൽ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനുവരി 22ന് കർണാടകയിൽ കോൺഗ്രസ് വിജയദിവസമായാണ് കൊണ്ടാടുന്നത്. എന്നാൽ കേരളത്തിലെ നേതാക്കൾ മിണ്ടാത്തതെന്താണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോൺഗ്രസിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്? അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. 

സംഘടനാ സെക്രട്ടറി കെസി വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഹിന്ദുക്കളുടെ വികാരം കോൺഗ്രസ് അവഗണിക്കുന്നത്? കെസി വേണുഗോപാൽ എന്താണ് മിണ്ടാത്തത്? മുസ്ലിംലീഗിനെയാണോ പിഎഫ്ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കാൻ കെസി വേണുഗോപാലും കെ. സുധാകരനും വിഡി സതീശനും തയ്യാറാവണം. കേരളത്തിലെ കോൺഗ്രസിനെ ആരാണ് നിയന്ത്രിക്കുന്നതെന്നറിയാൻ ഈ നാട്ടിലെ ഭൂരിപക്ഷ വിശ്വാസികൾക്ക് താത്പര്യമുണ്ട്. 

വോട്ട്ബാങ്കിനെ കോൺഗ്രസിന് ഭയമാണ്. മുസ്ലിംലീഗ് പോലും എതിരല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് എന്തിനാണ് പ്രതിഷ്ഠാ ചടങ്ങിന് പോകുന്നതിനെ ഭയക്കുന്നത്. ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും രാമ ജ്യോതി തെളിയിക്കുകും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതാപൻ പോപ്പുലർ ഫ്രണ്ടിന്റെ സ്വന്തക്കാരൻ

ടിഎൻ പ്രതാപൻ പിഎഫ്ഐയുടെ അടുത്തയാളാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതാപന്റെ കൂടെയുള്ളത്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ പിഎഫ്ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദില്ലി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ട്. അത്തരമൊരാളാണ് പ്രതാപന് വേണ്ടി നരേറ്റീവുകൾ സൃഷ്ടിക്കുന്നത്. 

ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ പുന്ന നൗഷാദിനെ കൊല ചെയ്ത പിഎഫ്ഐ പ്രവർത്തകരെ പ്രതാപനാണ് സംരക്ഷിക്കുന്നത്. പ്രതാപനെതിരെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ചതാണ്. നൗഷാദിന്റെ കൊലപാതകം കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും തേജസ് വാരികയുടെ വരിക്കാരനായവനാണ് പ്രതാപനെന്നും സുരേന്ദ്രൻ പറഞ്ഞു.

കേസുകൾ അട്ടിമറിക്കുന്നത് യു‍ഡിഎഫും എൽഡിഎഫും

പിണറായി വിജയൻ കൊട്ടാരം വിദൂഷകരെ കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുകയാണ്. കേരളം സമ്പൂർണ തകർച്ചയിലാകുമ്പോൾ മുഖ്യമന്ത്രിയെ ചിലർ സൂര്യനെന്ന് വിളിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെയാണ് അതും തെളിയിച്ചത്. കേസ് അവസാനിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. 

പരസ്പര സഹകരണം യുഡിഎഫ്- എൽഡിഎഫ് കേസുകളിലാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ കേസുകളും ഇരുകൂട്ടരും അഡ്ജസ്റ്റ് ചെയ്യുകയാണ്. വിഡി സതീശന്റെ പുനർജനി കേസ് അട്ടിമറിച്ചത് ആരാണ്? യൂത്ത് കോൺഗ്രസിന്റെ വ്യാജതിരിച്ചറിയൽ രേഖ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തത്?  പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സിപിഎമ്മും മതമൗലികവാദികളും സൈബർ ആക്രമണം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News