കൊച്ചി: 2018 പ്രളയ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.
2018-ലെ പ്രളയത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം തുക കൈമാറണമെന്നാണ് കോടതി നിര്‍ദേശം.
എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
അപ്പീല്‍ അനുവദിച്ചിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതുവരെ അത് ലഭിക്കാത്തവര്‍ക്ക് എത്രയും വേഗം അത് ലഭ്യമാക്കണമെന്നും വ്യക്തമാക്കി.
2018-ലെ പ്രളയബാധിതര്‍ക്ക് ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
എന്നാല്‍, ഈ വര്‍ഷവും പ്രളയം ഉണ്ടായതിനാല്‍ വിവരങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായുണ്ടായ പ്രളയം ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടാരുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
തുടര്‍ന്ന് വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഒന്നരമാസം സമയം അനുവദിക്കുകയും ചെയ്തു.