തിരുവനന്തപുരം: ദേശാഭിമാനിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. നിയമസഭാ കവാടത്തിൽ നടന്ന അംബേദ്ക്കർ അനുസ്മരണത്തിൽ പങ്കെടുത്തിട്ടും വാർത്തയിൽ തൻ്റെ പേര് ഇടം പിടിച്ചിട്ടില്ലെന്ന് കാട്ടി ചിറ്റയം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ, ദേശാഭിമാനി പ്രസിദ്ധീകരിച്ച ഇന്നലത്തെ എഡിഷനിൽ അഞ്ചാമത്തെ പേജിൽ നൽകിയ വാർത്തയിൽ ചിറ്റയത്തിൻ്റെ പേരുണ്ടായിരുന്നു. സംഭവത്തിൻ്റെ നിജസ്ഥിതി മനസ്സിലാക്കിയതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് തടിയൂരുകയായിരുന്നു.
മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിക്കുമൊപ്പം ഒരുമിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിയമസഭ മന്ദിരത്തിലെ ഡോ. ബി ആർ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനക്കെത്തിയത്. ഏപ്രിൽ 14-നായിരുന്നു പരിപാടി. എന്നാൽ, മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചനയിൽ പങ്കെടുത്തെങ്കിലും പിറ്റേദിവസം പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിലെ വാർത്തയിൽ ചിറ്റയത്തിൻ്റെ പേര് നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് തെറ്റായി മനസ്സിലാക്കിയ ചിറ്റയം പരിപാടിയിൽ തൻ്റെ പേര് നൽകിയിട്ടില്ലെന്നു കാട്ടി വിമർശനമുന്നയിക്കുകയായിരുന്നു.
എന്നാൽ, തനിക്ക് പറ്റിയ അമളിയെ കുറിച്ച് തിരിച്ചറിഞ്ഞ് ചിറ്റയത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ വിസ്സമതിക്കുകയായിരുന്നു. നിയമസഭയിൽ പരിപാടിക്ക് എത്തുന്നതിന് മുന്നോടിയായി വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ചിറ്റയമായിരുന്നു. സാമൂഹ്യനീതിയും സമത്വവും ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും ദേശാഭിമാനിയെ തുറന്നു വിമർശിക്കുകയും ചെയ്തിരുന്നു.
സിപിഐ പ്രതിനിധി ആയതു കൊണ്ടാണോ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒഴിവാക്കിയത് എന്നായിരുന്നു ഫെയ്സ്ബുക്കിലെ ചിറ്റയത്തിൻ്റെ മറ്റൊരു ചോദ്യം. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് സംഭവത്തിൽ നിന്ന് തടിയൂരുകയായിരുന്നു.