തിരുവനന്തപുരം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മൽസരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആണ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചരണം ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനാണ് ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് ലഭിച്ചത്.
നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് ആണ് നടക്കുക എൽ ഡി എഫിനെ സംബന്ധിച്ച് സ്ഥാനാർത്ഥി ആരാണന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻ സ്ഥാനാർത്ഥി സി പി എമ്മിന്റെ യുവ നേതാവ് ജയ്ക് സി തോമസ്, റജി സഖറിയ, എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത് എന്നറിയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ എല്ലാവർക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുമോ എന്നും കണ്ടറിയണം.
ALSO READ: കലാഭവന്‍ മണി റോഡ് തലസ്ഥാന നഗരത്തിനുള്ള ഓണ സമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്
ബിജെപിയും ഇതു വരെ സ്ഥാനാർത്ഥി നിർണയമൊന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് വെറും 27 ദിവസം മാത്രം അവശേഷിക്കേ വളരെ വേഗമുള്ള തീരുമാനങ്ങളാവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുണ്ടാവുക. അതേസമയം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റും. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ നിലനിൽക്കുന്ന തെരഞ്ഞെടുപ്പാണ്. ഉമ്മൻചാണ്ടി ജീവിച്ചത് കോൺഗ്രസിന് വേണ്ടിയാണ്. പിതാവിൻ്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്റെ കടമയെന്നും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.