കോഴിക്കോട്: ബിജെപിയെക്കുറിച്ച് മാധ്യമങ്ങളും സിപിഎമ്മും വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകരയിൽ നടന്ന പണക്കവർച്ചയെ സംബന്ധിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്. ബിജെപിയുടെ പണമാണെന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തുകയാണ്. വലിയ പുകമറ സൃഷ്ടിക്കുന്നു. ഈ സംഭവവുമായി ബിജെപിക്ക് പങ്കില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പണം ആയിരുന്നു ധർമരാജൻ കൊണ്ടുപോയതെങ്കിൽ എന്തിന് പരാതി നൽകണം. നിങ്ങൾ പൊലീസിനെ സമീപിക്കൂവെന്നാണ് പരാതിക്കാരോട് പറഞ്ഞത്. ബിജെപി നേതാക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകേണ്ട കാര്യം എന്തായിരുന്നുവെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
38 കോടി രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഒരു പാർട്ടിയും അന്വേഷണം ആവശ്യപ്പെട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് രാജ്യത്ത് 1000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതുൽ പിടിച്ചത്. 25 കോടി രൂപയാണ് ഡിഎംകെ സിപിഎമ്മിന് നൽകിയത്. ഇത് വാർത്തയായതായാണ്. ഡിഎംകെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കള്ളപ്പണമാണോ വെള്ളപ്പണമാണോയെന്ന് പിണറായി വിജയനും എ വിജയരാഘവനും വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ പണമല്ലെന്ന് വീണ്ടും വ്യക്തമാക്കുന്നു, പണം കവർന്നത് ആരാണെന്ന് കണ്ടെത്തണം. ബിജെപി നേതാക്കളുടെ പേരിൽ യാതൊരു മനസാക്ഷിയുമില്ലാതെ വാർത്തകൾ നൽകി. രണ്ട് മാസമായി അന്വേഷണം തുടരുന്നു. ഒരു കാരണവുമില്ലാതെയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത്. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി, തൃശൂർ ജില്ലാ പ്രസിഡന്റ് എന്നിവരെ ചോദ്യം ചെയ്തു. ബിജെപി നേതാക്കൾ ഇക്കാര്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയി പരാതി നൽകിയില്ല, ആർക്കും നെഞ്ച് വേദന വന്നില്ല, കൊവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് സമയം നീട്ടി ചോദിച്ചില്ല. 70 കഴിഞ്ഞ കർത്ത അടക്കം ചോദ്യംചെയ്യലിന് എത്തി. തലയിൽ മുണ്ടിട്ടില്ല. ഇതുവരെ അന്വേഷണത്തോട് ഒരു നിസഹകരണവും ബിജെപി നടത്തിയില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിക്ക് വേണ്ടി വന്ന പണം അല്ലെന്ന് 100 ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് പൊലീസിന്റെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നത്. സ്വർണക്കള്ളക്കടത്ത് കാലത്ത് സിപിഎം ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പുലർച്ചെ നാല് മണിക്ക് മതിൽ ചാടിക്കടന്ന് തലയിൽ മുണ്ടിട്ടാണ് പല മന്ത്രിമാരും പോയത്. കള്ള വാർത്തകൾ നൽകിയിട്ടില്ല. എന്നാൽ ഈ കേസിൽ പൊലീസ് ബിജെപിയുടെ നേതാക്കൻമാരെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപേ വാർത്ത കൊടുക്കുകയാണ്. സിപിഎമ്മിനെ അനുകൂലിക്കുന്ന മാധ്യമപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ പ്രചരണം നടത്തുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഈ പണം ആര് കൊണ്ടുവന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയേയും സംസ്ഥാന സംഘടനാ സെക്രട്ടറിയെയും തൃശൂർ ജില്ലാ പ്രസിഡന്റിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കള്ളപ്പണനവുമായി ബന്ധപ്പെട്ടാണോ. ഇതിന് കേരള പൊലീസിന് അധികാരമുണ്ടോ. ഇക്കാര്യങ്ങൾ വ്യക്തമാക്കണം. കവർച്ചാ കേസിൽ മൂന്നര കോടി രൂപയുടെ പണമാണ് കവർന്നതെന്നാണ് പൊലീസ് പറയുന്നത്. 20 ൽ അധികം പ്രതികളെ അറസ്റ്റ് ചെയ്തെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിയുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് പകരം ബിജെപിയുടെ പണമാണെന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. സ്വർണക്കടത്തും ഡോളർ കടത്തും നടന്നപ്പോൾ സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട് എന്താണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസിൽ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറി ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസ് എത്തിയ നിമിഷം എംഎൽഎമാരും നേതാക്കളും എത്തി അന്വേഷണം തടസ്സപ്പെടുത്തി. സംസ്ഥാന ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും അന്വേഷണത്തെ തടസ്സപ്പെടുത്തിയിട്ടില്ല. സിപിഎമ്മിനെിതരായ ആരോപണങ്ങൾ വരുമ്പോൾ കായിക ശേഷി ഉപയോഗിച്ച് കൊണ്ട് അന്വേഷണത്തെ ഭീഷണിപ്പെടുത്തും. ബിജെപിയുടേതാണ് പണമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളുടെ ഉദ്ദേശ്യം നടക്കില്ലെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.
മാധ്യമങ്ങൾ വസ്തുതാരഹിതമായ വിവരങ്ങളാണ് നൽകുന്നത്. ധർമരാജനുമായി ടെലഫോണിൽ ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. ഇതാണോ അന്വേഷണ രീതി. ഇതാണ് വലിയ വാർത്തതയായി നൽകുന്നത്. ചോദ്യം ചെയ്യലിന് ശേഷം എന്ത് ലഭിച്ചുവെന്ന് ആരും റിപ്പോർട്ട് ചെയ്യുന്നില്ല. ചോദ്യം ചെയ്യലിന്റെ വാർത്ത കൊടുക്കാൻ കാണിക്കുന്ന താൽപര്യം ചോദ്യം ചെയ്യലിന് ശേഷം കാണിക്കുന്നില്ല. കള്ളപ്പണക്കേസിനെ ബിജെപിയുമായി ബന്ധപ്പെടുത്തുന്ന എന്ത് തെളിവാണ് ലഭിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
സിപിഎമ്മിന്റെ പിആർ വർക്കിന് മാത്രം 200 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പല മാധ്യമങ്ങൾക്കും അടക്കം വഴിവിട്ട് സഹായം നൽകിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ കവർച്ചാ സംഭവങ്ങളെക്കുറിച്ച് അന്വേഷണം ഇല്ല. പാർട്ടിക്കാരെ ഉപയോഗിച്ച് സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ആരോ ഒരാളുടെ ശബ്ദ രേഖ ഉപയോഗിച്ച് കേരളത്തിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വനിതയെയാണ് അപകീർത്തിപ്പെടുത്തുന്നത്. സികെ ജാനുവുമായി ആരോപിക്കപ്പെടുന്ന സംഭാഷണം താൻ നടത്തിയിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സ്വകാര്യ ആവശ്യത്തിന് സികെ ജാനു പണം ആവശ്യപ്പെട്ടിട്ടില്ല. പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൃത്യമായ രേഖകൾ പ്രകാരമേ പണം നൽകിയിട്ടുള്ളൂ. സികെ ജാനു ഒരു കാർ ഉപയോഗിച്ചെന്ന് പറഞ്ഞ് സികെ ജാനുവിനെ വേട്ടയാടി. അവർ ആദിവാസി നേതാവായത് കൊണ്ടുമാത്രം വേട്ടയാടപ്പെടുന്നു. ഓഡിയോ ക്ലിപ്പ് ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനും സാധിക്കാത്ത കാലമല്ല ഇതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...