മദ്യവിതരത്തിനായി ആരംഭിച്ച ഓൺലൈൻ ആപ്പ് Bev Q ഇന്നും പണിമുടക്കി. രജിസ്‌ട്രേഷനുള്ള ഒടിപി ലഭിക്കാത്തതിനാൽ ഇന്നലെയും തടസ്സങ്ങൾ നേരിട്ടിരുന്നു. അതിനാൽ രാത്രിയോടെ തന്നെ മൂന്ന് ഒടിപി സേവനദാതാക്കളെ കണ്ടെത്തി പ്രശനം പരിഹരിച്ചതായി കമ്പനി അറിയിച്ചിരുന്നെങ്കിലും രാവിലെ വീണ്ടും സാങ്കേതികപ്രശ്നങ്ങൾ നേരിടുകയായിരുന്നു.
രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ചവരിൽ പലർക്കും ഒടിപി ലഭിച്ചില്ല. ഒൻപത് മണിക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് വൈകീട്ട് മൂന്നിനും ഒമ്പതിനും ഇടയിൽ ഇടയിൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കു എന്നാണ് സന്ദേശം ലഭിച്ചത്. ഇന്ന് മദ്യം ലഭിക്കാനായി ഏകദേശം 15 ലക്ഷത്തോളം പേർ ബുക്ക് ചെയ്തതായാണ് ഫെയർകോഡ് കമ്പനി അറിയിച്ചത്.
Read More: 'ബെവ്‌ക്യു' ആപ്പിന് അനുമതി, ഒടുവിൽ ഗൂഗിൾ കനിഞ്ഞു
ഇന്നലെ പലയിടങ്ങളിലും മദ്യത്തിൻ്റെ സ്റ്റോക്കുകൾ അവസാനിച്ചിരുന്നു. തുടർന്ന് ആളുകൾ ബഹളം വയ്ക്കുന്ന അവസ്ഥയും ഉണ്ടായി. ഒടിപി ലഭിക്കുന്നില്ല എന്നതായിരുന്നു ആപ്പിനെതിരെ ഉയർന്ന പ്രധാന പ്രധാന പരാതി. നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവനദാതാവ് എന്നാൽ ഇത് മതിയാവാതെ വീണ്ടും രണ്ട് കമ്പനികളെക്കൂടി ഒടിപി നല്കാൻ വിനിയോഗിക്കുകയായിരുന്നു.