Karunya Scheme: 41 ലക്ഷം ​ഗുണഭോക്താക്കൾ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി കൂടി

25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 05:45 PM IST
  • കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌.
  • ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.
Karunya Scheme: 41 ലക്ഷം ​ഗുണഭോക്താക്കൾ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി കൂടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2795 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്‌. കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്‌. 

സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസി വഴി നടപ്പാക്കിയ പദ്ധതിയിൽ, 1050 രുപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. ഇതിൽ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങൾക്ക്‌ മാത്രമാണ്‌ പ്രീമിയത്തിൽ കേന്ദ്ര സഹായമുള്ളത്‌. ഈ കുടുംബങ്ങൾക്ക്‌ ബാക്കി തുക സംസ്ഥാനം നൽകുന്നു. പുറമെയുള്ള 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. 

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന്‌ മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല. അംഗത്വം നേടുന്നതിന്‌ ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്‌.

Also Read: Amebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു

 

197 സർക്കാർ ആശുപത്രികളും, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്. സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.
ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിയിലൂടെ നൽകുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമുമുണ്ട്‌. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്‌പ്‌ ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ്‌ ആനുകൂല്യവും ലഭ്യമാകും. പദ്ധതിയിൽ 39,854  കുടുംബങ്ങളുടെ 2,76,589 ബില്ലുകളിലായി 226.79 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News