തിരുവനന്തപുരം : അഗ്നിപഥ് പദ്ധതിക്കെതിരെ പ്രഖ്യാപിക്കാത്ത ബന്ദിന്റെ പേരിൽ സംസ്ഥാന പോലീസ് ജാഗ്രത നിർദേശം. ബന്ദിന്റെ പേരിൽ അനാവശ്യമായി കടയടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നമെന്ന ജാഗ്രത നിർദേശമാണ് ഡിജിപി അനിൽകാന്ത് സംസ്ഥാന പോലീസിന് നൽകിയിരിക്കുന്നത്. എന്നാൽ ഇത് വലിയൊരു ആശയക്കുഴപ്പത്തിന് വഴിവച്ചിരിക്കുകയാണ്.
ഏത് ബന്ദ്? ആര് പ്രഖ്യാപിച്ച ബന്ദ്? അതോ നാളെ ഭാരത് ബന്ദുണ്ടോ? ആകെ ആശയക്കുഴപ്പമുണ്ടായി പോലീസിനുള്ള ഡിജിപിയുടെ മാർഗനിർദേശം. അഗ്നിപഥിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധവും പ്രക്ഷോഭവും കനക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട് (കേരളത്തിൽ ഔദ്യോഗികമായി ഒരു സംഘടനയും ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടില്ല). ഇതിന്റെ അടിസ്ഥാനത്തിൽ ഭരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങൾക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നിർദേശമാണ് ഡിജിപി പോലീസിന് നൽകിയത്. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
ALSO READ : Agnipath Protest: അഗ്നിപഥ് പ്രതിഷേധം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയോ? ടിക്കറ്റ് തുക എങ്ങിനെ ലഭിക്കും? അറിയാം
സോഷ്യൽ മീഡിയയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് നാളെ ജൂൺ 20 തിങ്കളാഴ്ച ഭാരത് ബന്ദായിരിക്കുമെന്നുള്ള പ്രചാരണം ഉയർന്നിരുന്നു. അതിന്റെ കൂടെ പോലീസിനുള്ള ഡിജിപിയുടെ ജാഗ്രത നിർദേശവും കൂടി വന്നപ്പോൾ ആശയക്കുഴപ്പം ഇരട്ടിയാക്കി.
ഡിജിപിയുടെ ജാഗ്രത നിർദേശം
ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.