കൊച്ചി: ഫേസ്ബുക്ക് ലൈവിലൂടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് കൊച്ചി സിറ്റി പോലീസ്. വിനായകന്റെ കലൂരിലെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. നിർണായക തെളിവായി നടന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിലൊരു വീഡിയോ ചെയ്തതെന്നും വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം. എറണാകുളം ടൗൺ നോർത്ത് പോലീസാണ് നടനെതിരായ പരാതികൾ അന്വേഷിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വിനായകന്റെ ഫേസ്ബുക്ക് ലൈവ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. നടനെതിരെ നിരവധി പരാതികളും എത്തിയതോടെ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പോലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.
അതേസമയം വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ വിനായകനെതിരെ ചലച്ചിത്ര സംഘടനകള്‍ നടപടിക്കൊരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നതെന്നും പോലീസ് നടപടി വന്ന ശേഷം തീരുമാനം അറിയിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല. ഉമ്മൻചാണ്ടിയെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...