തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകൾ തകർന്ന് കിടക്കുന്നതിൽ വിമർശനവുമായി നടൻ ജയസൂര്യ. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ലേയെന്നും ജയസൂര്യ ചോദിച്ചു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് ഇരിക്കുന്ന വേദിയിലായിരുന്നു ജയസൂര്യയുടെ വിമർശനം. മഴക്കാലത്ത് റോഡുകൾ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വികെ പ്രശാന്ത് എംഎൽഎ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് മഴക്കാലത്ത് റോഡ് നിർമ്മിക്കാനാകില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ലെന്ന് ജയസൂര്യ പറഞ്ഞത്.
ALSO READ: Muhammed Riyas| റോഡുകൾ താറുമാറാക്കി മഴ, ഗുണനിലവാരം ഉറപ്പാക്കി മാത്രം അറ്റകുറ്റപ്പണി
റോഡ് നന്നാക്കാനായി സർക്കാർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടോളുകൾക്ക് നിശ്ചിത കലാവധി നിശ്ചയിക്കണം. വളരെ കാലം ടോൾ പിരിക്കുന്ന രീതി ഉണ്ടാകരുത്. റിയാസ് ഊർജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു.
അറ്റകുറ്റപ്പണികൾ കാലതാമസം ഇല്ലാതെ പരിഹരിക്കാനും റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തൽ, റണ്ണിംഗ് കോൺട്രാക്ട് നടപ്പിലാക്കൽ, വർക്കിംഗ് കലണ്ടർ പ്രസിദ്ധീകരിക്കൽ, നിർമ്മാണ പ്രവൃത്തിയിൽ നൂതന സാങ്കേതിക വിദ്യകൾ എന്നിങ്ങനെ സുപ്രധാന ചുവടുവെയ്പുകളാണ് വകുപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്.
ഭാവിയിൽ ഇതിൻ്റെ ഗുണഫലം ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്. എന്നാൽ നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറാതെ നടത്താൻ സാധിക്കില്ല. മഴയത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ അത് നിലനിൽക്കില്ല. മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് വകുപ്പ് നടത്തി വരുന്നതെന്നും റിയാസ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...