Puthur zoological park: ഉദ്ഘാടനത്തിന് മുമ്പേ താരമായി സുവോളജിക്കല്‍ പാര്‍ക്ക്; സന്ദര്‍ശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകള്‍

Puthur zoological park inauguration: ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐഎഫ്എസ്) 54 ട്രെയിനി കേഡറ്റുകള്‍ കഴിഞ്ഞ ദിവസം പുത്തൂരിലെത്തി. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 03:13 PM IST
  • രാജ്യത്തെ ആദ്യ ഡിസൈന്‍ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂരിലേത്.
  • ഐഎഫ്എസ് ട്രെയിനികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.
  • പരിശീലനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ടൂറിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.
Puthur zoological park: ഉദ്ഘാടനത്തിന് മുമ്പേ താരമായി സുവോളജിക്കല്‍ പാര്‍ക്ക്; സന്ദര്‍ശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകള്‍

തൃശൂ‍‍ർ: ഉദ്ഘാടനത്തിന് മുമ്പേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരില്‍ ഒരുങ്ങുന്ന തൃശൂര്‍ അന്താരാഷ്ട്ര സുവോളജിക്കല്‍ പാര്‍ക്ക്. രാജ്യത്തെ ആദ്യ ഡിസൈന്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനും ഇവിടത്തെ സവിശേഷതകള്‍ മനസ്സിലാക്കാനുമായി ഇത്തവണ എത്തിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐഎഫ്എസ്) 54 ട്രെയിനി കേഡറ്റുകള്‍. പുതിയ ഐഎഫ്എസ് ബാച്ചിന്റെ പരിശീലനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ടൂറിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

മൃഗങ്ങളെയും പ്രകൃതിയെയും അടുത്തറിയാനും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് അവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപകല്‍പനയും നിര്‍മാണ പുരോഗതിയും തങ്ങളെ വിസ്മയിപ്പിച്ചതായി തമിഴ്‌നാട് ഈറോഡ് സ്വദേശിയായ അരുള്‍ ശെല്‍വന്‍ ഐഎഫ്എസ് പറഞ്ഞു. പൊതുവെ ഇത്തരം പദ്ധതികള്‍ വനം വകുപ്പിന്റെ മാത്രം നേതൃത്വത്തിലാണ് നടക്കാറ്. എന്നാല്‍ ഇവിടെ മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തവും പിന്തുണയും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്തെ ചില മൃഗശാലകളില്‍ ഭാഗികമായി നടന്നിട്ടുണ്ടെങ്കിലും, ഇത്തരമൊരു രീതിയില്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഴുവന്‍ രൂപകല്‍പ്പന ചെയ്യുന്നത് രാജ്യത്ത് ആദ്യമായാണെന്നും കേരള കേഡറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അരുള്‍ ശെല്‍വന്‍ പറഞ്ഞു.

ALSO READ: കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മോഷണം; സിസിടിവി ഉപകരണങ്ങൾ കല്ലാർ ഡാമിൽ

രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉരഗങ്ങള്‍ക്കുമെല്ലാം അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചതായി ആലപ്പുഴ സ്വദേശി ദേവി പ്രിയ ഐഎഫ്എസ് പറഞ്ഞു. രാജ്യത്തെ മറ്റ് മൃഗശാലകളില്‍ നിന്ന് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനെ വ്യതിരിക്തമാക്കുന്നത് ഇതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ വെസ്റ്റേണ്‍ഘാട്ട് പ്രദേശങ്ങളും നിലമ്പൂരിലെ തേക്കിന്‍കാടുകളും സന്ദര്‍ശിച്ച ശേഷമാണ് സംഘം കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്. 54 അംഗ സംഘത്തില്‍ മൂന്നു പേര്‍ കേരള കേഡറില്‍ നിന്നുള്ളവരായിരുന്നു.

കഴിഞ്ഞ ദിവസം പാര്‍ക്കിലെത്തിയ ഐഎഫ്എസ് ട്രെയിനികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് പാര്‍ക്ക് അധികൃതര്‍ ഒരുക്കിയത്. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രസന്റേഷനും ഫീല്‍ഡ് സന്ദര്‍ശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പാര്‍ക്കിലെ റിസെപ്ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയരക്ടര്‍ ആര്‍ കീര്‍ത്തി, സബ് കലക്ടര്‍ മുഹമ്മദ് ശഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, പാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News