കൊൽക്കത്ത: കൊൽക്കത്തയിൽ സിബിഐ (CBI) ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിനിടെ സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടായി. നാരദ കൈക്കൂലിക്കേസിൽ രണ്ട് മന്ത്രിമാരുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നാല് നേതാക്കളെ അറസ്റ്റ് (Arrest) ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
മന്ത്രിമാരായ ഫിർഹദ് ഹക്കിം, സുബ്രത മുഖർജി, തൃണമൂൽ കോൺഗ്രസ് (TMC) എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ വിമർശിച്ച് മമതാ ബാനർജി സിബിഐ ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. നിലവിൽ സുബ്രത മുഖർജി പഞ്ചായത്ത് മന്ത്രിയും ഫിർഹാദ് ഹക്കിം ഗതാഗത മന്ത്രിയുമാണ്. നാല് പേരെയും കൊൽക്കത്തയിലെ വസതികളിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ബിജെപി തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നായിരുന്നു മമത ബാനർജിയുടെ (Mamatha Banerjee) പ്രതികരണം. സിബിഐയെ രാഷ്ട്രീയ ചട്ടുകമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അനുവദിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. ഇപ്പോൾ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുൾ റോയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് രാഷ്ട്രീയ ഇടപെടൽ വ്യക്തമാക്കുന്നതായും മമത ആരോപിച്ചു.
നാരദ കൈക്കൂലിക്കേസിൽ നാല് കുറ്റാരോപിതർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനും ഗവർണർ ജഗദീപ് ധൻഖർ സിബിഐക്ക് അനുമതി നൽകിയിരുന്നു. നാരദയുടെ ഒളിക്യാമറയിൽ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും. 2014ലാണ് കേസിന് ആസ്പദമായ സംഭവം. ബംഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി നൽകിയെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA