ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മക്രോണിന് അഭിനന്ദനം അറിയിച്ചത്.
Congratulations to my friend @EmmanuelMacron on being re-elected as the President of France! I look forward to continue working together to deepen the India-France Strategic Partnership.
— Narendra Modi (@narendramodi) April 25, 2022
അഭിനന്ദനത്തിനൊപ്പം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 58 ശതമാനം വോട്ട് നേടിയാണ് ഇമ്മാനുവേൽ മക്രോൺ വീണ്ടും അധികാരത്തിൽ എത്തുന്നത്. ഓൺ മാർഷ് എന്ന മധ്യ, മിതവാദി പാർട്ടിയുടെ നേതാവാണ് ഇമ്മാനുവേൽ മക്രോൺ. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ സ്ഥാനാർഥി മരീൻ ലെ പെന്നിനെയാണ് ഇമ്മാനുവേൽ മക്രോൺ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി രണ്ടാം ഘട്ടത്തിലേക്ക് എത്തിയത് ഇമ്മാനുവേൽ മക്രോണും മരീൻ ലെ പെന്നുമായിരുന്നു.
2002ൽ ജാക് ഷിറാക്കിന് മാത്രമാണ് ഇതിന് മുൻപ് ഫ്രാൻസിൽ പ്രസിഡന്റ് സ്ഥാനത്ത് തുടർ ഭരണം ലഭിച്ചത്. ആ ചരിത്രമാണ് ഇമ്മാനുവേൽ മക്രോൺ തിരുത്തിയെഴുതിയത്. ആദ്യഘട്ടത്തിൽ നേരിയ മുൻതൂക്കമാണ് ഇമ്മാനുവേൽ മക്രോൺ നേടിയതെങ്കിലും രണ്ടാം ഘട്ടത്തിൽ അദ്ദേഹം വിജയിക്കുമെന്ന തരത്തിൽ അഭിപ്രായ സർവേകൾ പുറത്തു വന്നിരുന്നു. 2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇമ്മാനുവേൽ മക്രോണും മരീൻ ലെ പെന്നും തന്നെയായിരുന്നു എതിരാളികൾ. അന്ന് 66 ശതമാനം വോട്ട് നേടിയാണ് ഇമ്മാനുവേൽ മക്രോൺ അധികാരത്തിലെത്തിയത്. ഇത്തവണ മക്രോണിന്‍റെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായുള്ള അടുത്ത സൗഹൃദമാണ് മരീൻ ലെ പെന്നിനെ വ്യത്യസ്തയാക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിനെ മുന്നോട്ട് നയിക്കാൻ മക്രോണിന് ആയിട്ടില്ലെന്ന വിമർശനമാണ് പ്രധാനമായും മരീൻ ലെ പെന്ന് വിഭാഗം നടത്തിയത്. ഇമ്മാനുവേൽ മക്രോൺ പണക്കാരുടെ മാത്രം പ്രസിഡന്റാണ് എന്ന വിമർശനവും ശക്തമായിരുന്നു.
എന്തായാലും 20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയ മാക്രോണിന് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ മാക്രോണിന് ആശംസകൾ നേർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക