കവരത്തി: സന്ദർശക പാസിന്റെ (Visiting pass) കാലാവധി അവസാനിച്ചവർ ഉടൻ ലക്ഷദ്വീപിൽ നിന്ന് മടങ്ങണമെന്ന് അഡ്മിനിസ്ട്രേഷന്റെ (Lakshadeep administration) ഉത്തരവ്. പാസ് പുതുക്കാൻ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങുകയാണ്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചത്. നിലവിൽ ലക്ഷദ്വീപിലേക്ക് എത്താൻ എഡിഎമ്മിന്റെ അനുമതി വേണം. സന്ദർശക പാസ് ഉള്ളവർ ഒരാഴ്ചയ്ക്കുള്ളിൽ ദ്വീപിൽ നിന്ന് പോകണമെന്ന് ഉത്തരവുണ്ടായിരുന്നു. ഈ സമയപരിധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നടപടി.
ALSO READ: Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്
ദ്വീപിൽ ഇപ്പോൾ നിലവിലുള്ള തൊഴിലാളികളിൽ കൂടുതൽ പുറത്തുള്ളവരാണ്. ഇതോടെ ഇവർക്ക് തൊഴിൽ നഷ്ടമാകും. ദ്വീപ് നിവാസികൾക്ക് കൂടുതൽ തൊഴിൽ നൽകാനാണ് തീരുമാനമെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. സന്ദർശക കാലാവധി പൂർത്തിയാകുന്നവർക്ക് പാസ് പുതുക്കുന്നതിന് എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്ന ഉത്തരവും ഇതോടെ കർശനമായി നടപ്പിലാക്കും.
മത്സ്യബന്ധത്തിന് പോകുന്ന ഓരോ ബോട്ടിലും (Fishing boat) ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉണ്ടാകണമെന്നും അഡ്മിനിസ്ട്രേഷൻ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. മീൻപിടിത്തത്തിനായി പോകുന്ന ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ: Save Lakshadweep Forum സമരം ശക്തമാക്കുന്നു; ജൂൺ ഏഴിന് 12 മണിക്കൂർ നിരാഹാര സമരം
സുരക്ഷ വർധിപ്പിക്കാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. ബർത്തിങ് പോയിന്റുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദ്വീപിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം (Save lakshadweep forum) വ്യക്തമാക്കിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുന്നത് വരെ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരും. ഇതിനായി നിയമവിദഗ്ധർ അടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞിരുന്നു.
ALSO READ: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ
ദ്വീപിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധ നിരോധനം, സ്കൂളുകളിലെ മാംസഭക്ഷണ നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങിയ അഡ്മിനിസ്ട്രേഷന്റെ ഉത്തരവുകൾക്കെതിരെ ദ്വീപിൽ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വീണ്ടും വിവാദ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...