നാളെ പുലരുമ്പോൾ താമസിച്ച വീടും സ്ഥലവും അവിടെയുണ്ടാവില്ലെന്ന് ഭീതിയിലാണ് ഉത്തരാഖണ്ഡിലെ ജോഷി മഠ് നിവാസികൾ ഉറക്കമുണരുന്നത്. ഹിമാലയൻ മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ജോഷി മഠിൽ 561 വീടുകൾക്കാണ് അടുത്തിടെയുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വിള്ളലുണ്ടായത്. ഇതിനിടെ പ്രാണഭയത്തെ തുടർന്ന് അറുപതോളം കുടുംബങ്ങൾ നാടുവിടുകയും ചെയ്‌തു. ഭൂകമ്പ സാധ്യതയുള്ള സോൺ വി-യിലാണ് ബദ്രിനാഥിനും ഹേമകുണ്ഡ് സാഹിബിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ജോശിമഠ്. പ്രകൃതിക്ഷോഭം ഭയന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും വിള്ളൽ വീണ് വീടുകൾ നിലംപൊത്താതിരിക്കാൻ താങ്ങി പിടിക്കേണ്ട അവസ്ഥയാണ് തങ്ങൾക്കുള്ളതെന്നും പ്രദേശവാസികൾ പറയുന്നു.
ജനങ്ങളുടെ ഈ ഭീതി ശരിവച്ചു കൊണ്ട് അടുത്തിടെ ഒരു സർവേ ഫലം പുറത്തിറങ്ങുകയും ചെയ്‌തു. പ്രകൃതിക്ഷോഭ ഭീതിക്കിടെ ശൈത്യം കൂടെ എത്തിയതോടെ കൂടുതൽ ദുരിതത്തിലാണ് ജോഷിമഠ് നിവാസികൾ. നഗരം മൊത്തമായി മണ്ണിനടിയിലാകുന്ന സ്ഥിതിയുണ്ടായിട്ടും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പല തവണയാണ് തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. എന്നാൽ, ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട് എന്ന നിലപാടിലാണ് സർക്കാർ. ജോഷിമഠിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവിക്കാനിരിക്കുന്നത് വിചാരിക്കുന്നതിലും വലിയ ഒരു ദുരന്തമാണെന്ന തിരിച്ചറിവുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
എവിടെയാണ് ജോഷിമഠ്?
ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശിയ പാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണമാണ് ജോശിമഠ്. ബദ്രിനാഥ്, ഔലി, വാലി ഓഫ് ഫ്ളവേഴ്സ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ജോശിമഠ്. ഇന്ത്യൻ ആർമിയുടെ ഏറെ തന്ത്രപ്രധാനമായ കൺടോൺമെന്റുകളിൽ ഒന്നാണ് ജോശിമഠ്.
പ്രകൃതിക്ഷോഭത്തെ തുടർന്ന് ജോശിമഠ് മുങ്ങുകയാണ് എന്ന തലക്കെട്ടുകൾ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് തന്നെ പല ശാസ്ത്രജ്ഞരും ജോശിമഠിന്റെ ശോചനീയ അവസ്ഥയെ കുറച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുതരമായ പ്രകൃതിക്ഷോഭങ്ങൾ ജീവനും സ്വത്തിനും വരെ ഭീഷണിയായേക്കാമെന്നും ജോശിമഠിനെ പൂർണമായി നശിപ്പിക്കാൻ അതിന് കഴിവുണ്ടാകുമെന്നും ആദ്യമായി റിപ്പോർട്ട് വരുന്നത് 1976ലാണ്. സർക്കാർ നിയോഗിച്ച മിശ്ര കമ്മീഷനാണ് നിർണായകമായ ഈ റിപ്പോർട്ട് സമർപ്പിച്ചത്.
എന്താണ് ജോഷിമഠിനെ നശിപ്പിക്കുന്നത്?
ഭൂമിശാസ്ത്രം തന്നെയാണ് ജോഷിമഠിന്റെ നാശത്തിന്റെ പിന്നിലെ പ്രധാന കാരണം എന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ, വലിയ വലിയ കെട്ടിടങ്ങളുടെ നിർമ്മാണമോ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളോ താങ്ങാനുള്ള ശേഷിയും ജോശിമഠിന് കുറവാണ്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ പണ്ടേ ലഭിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഈ മുന്നറിയിപ്പുകളെ അവഗണിച്ച് നടത്തിയ നിർമ്മാണങ്ങൾ, ജല-വൈദ്യുതി പദ്ധതികൾ, ദേശീയ പാത വികസിപ്പിക്കൽ എന്നിവയാണ് ജോശിമഠിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. വിഷ്ണുപ്രയാഗിലെ അരുവികളിലൂടെയുള്ള മണ്ണൊലിപ്പും ഇതിന് കാരണമായി കണക്കാക്കപ്പെടുന്നുണ്ട്.
എങ്ങനെ രക്ഷിക്കാം?
ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കി അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക എന്നതാണ് പ്രാഥമിക മുൻകരുതലായി നിലവിൽ സ്വീകരിച്ചിട്ടുള്ളത്. ജോശിമഠിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും ജല-വൈദ്യുത പദ്ധതികളും പൂർണമായി നിർത്തിവയ്ക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇതിന് ശേഷം നഗരത്തിന്റെ ഭൂമിശാസ്ത്രം പുനർവിചിന്തനം ചെയ്യണമെന്നും നിർദേശമുണ്ട്.
ഡ്രൈനേജുകളുടെ അഭാവവും ശോചനീയ അവസ്ഥയും മണ്ണിൽ കൂടുതൽ മാലിന്യങ്ങൾ അടിയുന്നതിന് കാരണമാകുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാകുന്നു. ഇതൊഴിവാക്കാനായി ഡ്രൈനേജ് പ്ലാനിംഗ് നടത്തണം എന്നാണ് മറ്റൊരു നിർദേശം. ഈ പ്രശ്നം പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണിന്റെ ശേഷി നിലനിർത്താൻ ഈ പ്രദേശത്ത്, പ്രത്യേകിച്ച് ദുർബലമായ സ്ഥലങ്ങളിൽ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...