സിനിമ, സീരിയൽ താരം മീന ഗണേശ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1976 മുതൽ സിനിമ, സീരിയൽ രംഗത്ത് താരം സജീവമായിരുന്നു. അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മീന ഗണേശ് നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് എത്തുന്നത്. നൂറിലധികം സിനിമകളിൽ അഭിനയിച്ച താരം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1976ൽ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് മീനാ ഗണേശ് ചെയ്തത്. 1991ൽ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം സിനിമയിൽ സജീവമാകുന്നത്.
1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീനാ ഗണേശിന്റെ ജനനം. നടൻ കെ പി കേശവനാണ് അച്ഛൻ. അദ്ദേഹം തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടക രംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമായ താരം കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിച്ചു.
Also Read: Pushpa 2: സാക്ഷാൽ കിങ് ഖാനെയും പിന്തള്ളി; ബോളിവുഡ് ഇനി 'പുഷ്പ' ഭരിക്കും!
പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേശ് ആണ് ഭർത്താവ്. 1971ൽ ആയിരുന്നു വിവാഹം. വിവാഹ ശേഷം മീനയും ഗണേശു ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഒരു നാടക സമിതി ഷൊർണ്ണൂരിൽ തുടങ്ങി. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പിരിച്ചുവിടുകയായിരുന്നു. പിന്നീട് വീണ്ടും മറ്റ് സമിതികളുടെ നാടകങ്ങളിൽ പ്രവർത്തിച്ചു. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന ഗണേശ് അഭിനയിച്ചു.
പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയ പ്രസിദ്ധമായ നാടകങ്ങളിൽ മീന ഗണേശ് അഭിനയിച്ചു. ചാലക്കുടി സാരഥി തീയറ്റേഴ്സിന് വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത നാടകമാണ് ഫസഹ്. ഇതിൽ മീന അവതരിപ്പിച്ച ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി ഗണേശ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു. ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേശും ഒരുമിച്ചഭിനയിച്ചു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.