രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 1,890 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 149 ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000ത്തിലേയ്ക്ക് അടുക്കുകയാണ്. നിലവിൽ 9,433 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്. പുതുതായി ഏഴ് മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 5,30,831 ആയി ഉയർന്നു.
ALSO READ: അ'യോഗ്യനായ എംപി'; ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി
മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് വീതം മരണങ്ങൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചപ്പോൾ മൂന്ന് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.56 ശതമാനത്തിലും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനത്തിലും എത്തി നിൽക്കുകയാണ്.
രാജ്യത്ത് ഇതുവരെ 4,47,04,147 (4.47 കോടി) ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗബാധിതരുടെ 0.02 ശതമാനം മാത്രമാണ്. അതേസമയം, രോഗമുക്തി നിരക്ക് 98.79 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,63,883 ആയി ഉയർന്നപ്പോൾ കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.65 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...