ന്യൂഡൽഹി: ശതകോടീശ്വരനായ ഗൗതം അദാനിയുടെ ആസ്തി 50 ബില്യൺ ഡോളറിന് താഴെയായെന്ന് ബ്ലൂംബെർഗ് ബില്യണയർ ഡാറ്റ. തിങ്കളാഴ്ച പുറത്ത് വിട്ട ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം ഗൗതം അദാനിയുടെ നിലവിലെ ആകെ സമ്പത്ത് 49.1 ബില്യൺ ഡോളറാണ്. കഴിഞ്ഞ മാസം, ഗൗതം അദാനിയുടെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്നു ഗൗതം അദാനി.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ഗൗതം അദാനിയുടെ ആകെ ആസ്തിയിൽ ഗണ്യമായ കുറവുണ്ടായി. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു. സ്റ്റോക്ക് മാർക്കറ്റ്, അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ മാർക്കറ്റ് മൂല്യം എന്നിവ തകർന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, അദാനി ഗ്രൂപ്പിലെ ഏഴ് പ്രധാന സ്ഥാപനങ്ങൾക്ക് 120 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.
ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞെങ്കിലും, നിക്ഷേപകരിലും ധനകാര്യ സ്ഥാപനങ്ങളിലും ഹിൻഡൻബർഗ് റിപ്പോർട്ട് ആശങ്ക ഉയർത്തി. ഇത് അവരുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയിൽ തുടർച്ചയായ ഇടിവിന് കാരണമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഗൗതം അദാനിയുടെ സ്വകാര്യ സമ്പത്തിലും വലിയ സ്വാധീനം ചെലുത്തി. ഗൗതം അദാനിയുടെ ആകെ ആസ്തിയിൽ 71 ബില്യൺ ഡോളർ കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അദാനി ഗ്രൂപ്പിൽ സ്റ്റോക്ക് കൃത്രിമത്തിനും അക്കൗണ്ടിംഗ് തട്ടിപ്പിനും സാധ്യത കൽപിച്ചാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത്. ആരോപണങ്ങൾ വന്നതോടെ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളും ഓഹരികളും ഇടിഞ്ഞു. എന്നാൽ, കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. കോർപ്പറേറ്റ് കമ്പനികളിലെ തെറ്റുകൾ കണ്ടെത്തുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡാണ് അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിനുള്ളത്.
ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. 1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എയർഷിപ്പ് ദുരന്തത്തിന്റെ പേരാണ് കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്. "മനുഷ്യനിർമ്മിത ദുരന്തങ്ങൾ"ക്കായി തിരയുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഹിൻഡൻബർഗ് തങ്ങളുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയാണ് മനുഷ്യനിർമ്മിത ദുരന്തങ്ങളായി ഹിൻഡൻബർഗ് കണക്കാക്കുന്നത്.
ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി. ഈ റിപ്പോർട്ടുകൾ മുൻനിർത്തി കമ്പനിക്കെതിരെ വാതുവെപ്പ് നടത്തി, അതിൽ നിന്നുള്ള ലാഭവും ഹിൻഡൻബർഗ് പ്രതീക്ഷിക്കുന്നു. കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ 2017 ൽ ആണ് ഹിൻഡൻബർഗ് ആരംഭിച്ചത്.
2020 സെപ്റ്റംബറിൽ ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെയുള്ള പന്തയമാണ് ഹിൻഡൻബർഗിനെ പ്രശസ്തമാക്കിയത്. എന്നാൽ വലിയ വിജയം നേടിയ ഈ പന്തയത്തിന്റെ തുക വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. നിക്കോള അതിന്റെ വേഗതയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. പിന്നീട് നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടനെതിരെ അമേരിക്ക നിയമനടപടി സ്വീകരിച്ചു. 125 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി 2021-ൽ സമ്മതിക്കുകയും ചെയ്തു. 2017 ൽ സ്ഥാപനം ആരംഭിച്ചത് മുതൽ പതിനാറോളം കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...