ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്തണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കർണാടക സർക്കാർ. സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 19 വരെ രാത്രികാല നിയന്ത്രണങ്ങളും തുടരാൻ നിർദേശമുണ്ട്. കൂടാതെ 1 മുതൽ 9 വരെയുള്ള ക്ലാസുകളും നിർത്തിവച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 10,11,12 ക്ലാസുകൾ ഒഴികെയാണ് ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം ഓഡിറ്റോറിയത്തിനുള്ളിൽ ആണെങ്കിൽ 100 പേർക്കും പുറത്താണെങ്കിൽ 200 പേർക്കുമാണ് അനുമതി. തിയേറ്റർ, പബ്, ബാർ റെസ്റ്റോറന്റ് മുതലായവ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് മാത്രമായിരിക്കണം പ്രവർത്തനം.
Also Read: Covid Update In Bihar: ബീഹാറില്‍ കൊറോണ വ്യാപനം അതിശക്തം, 168 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു
കൂടാതെ അതിർത്തിയിൽ പരിശോധന കർശനമാക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. കേരള അതിർത്തിയിൽ പരിശോധന കൂട്ടാനും തീരുമാനിച്ചു. വിമാനത്താവളങ്ങളിൽ കോവിഡ് പോസിറ്റീവ് ആകുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഹോം ഐസൊലേഷനുള്ള ഓപ്ഷൻ ഉണ്ടാകില്ല. ഇവരെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ആശുപത്രികളിലേക്കും ഹോട്ടലുകളിലേക്കും നേരിട്ട് അയയ്ക്കും.
ഗോവയിൽ നിന്ന് മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും കോവിഡ് പോസിറ്റീവ് ആകുന്നതിനാൽ അവിടെ നിന്ന് വരുന്നവരെ ട്രാക്ക് ചെയ്യുകയും വീണ്ടും പരിശോധിക്കുകയും ചെയ്യുമെന്ന് മന്ത്രി സുധാകർ വിശദീകരിച്ചു. ഗോവ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയിരുന്നു. അതിർത്തികളിൽ കർശന നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കുന്നു, കൂടാതെ ജീവനക്കാരുടെ സേവനം ആരോഗ്യവകുപ്പ് പ്രയോജനപ്പെടുത്തും. അണ്ടർ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ പൂർണമായും ഓഫീസുകളിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ റാലികളും ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളുണ്ടായാൽ ദുരന്തനിവാരണ നിയമവും ഐപിസി വകുപ്പുകളും പ്രകാരം നിയമനടപടികൾ എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ തിങ്കളാഴ് രാവിലെ 5 വരെയാണ്. അത്യാവശ്യവും അടിയന്തരവുമായ പ്രവർത്തനങ്ങൾ വാരാന്ത്യ - രാത്രി കർഫ്യൂ സമയത്ത് അനുവദനീയമാണ്.
അതേസമയം കോവിഡിനൊപ്പം കർണാടകയിൽ ഒമിക്രോൺ ബാധിതരിലും വൻ വർധനയാണ് ഉണ്ടായത്. 149 പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 226 ആയി. രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത് കർണാടകയിലാണ്.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ. ഇതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...