പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വയറുനിറയെ കഴിച്ചാലും അത്താഴം ലഘുവായിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. രാത്രിയിൽ ഭക്ഷണം കൂടുതലായി കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാത്രിയിൽ ദഹനം സാവധാനത്തിലായിരിക്കും. ഇതിനാൽ അധിക കൊഴുപ്പ് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ഇത് ഭാരം വർധിക്കാൻ ഇടയാക്കുകയും ചെയ്യും. രാത്രിയിൽ അധികമായി ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. രാത്രിയിൽ അധികമായി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്കും നയിക്കും.
ഉറക്കമില്ലായ്മ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്. ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് തുടങ്ങിയവയെല്ലാം ഉറക്കമില്ലായ്മയുടെ ഭാഗമായി ഉണ്ടാകുന്ന പാർശ്വഫലങ്ങളാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് വഴി രാവിലെ ഉറക്കമുണരുമ്പോൾ ക്ഷീണവും തലകറക്കവും അനുഭവപ്പെടാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. അവ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
റെഡ് മീറ്റ്
ബീഫ്, മട്ടൺ, പോർക്ക് തുടങ്ങിയ റെഡ്മീറ്റിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയാൻ പ്രോട്ടീൻ ആവശ്യമാണ്. എന്നാൽ റെഡ് മീറ്റിൽ കൊഴുപ്പും കാലറിയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ റെഡ് മീറ്റ് രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കണം. കോഴിയിറച്ചി അത്താഴത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ എണ്ണയിൽ വറുത്ത കോഴിയിറച്ചി ഒഴിവാക്കുന്നതാണ് നല്ലത്.
ഐസ്ക്രീം
ഐസ്ക്രീമിൽ പഞ്ചസാരയും കാലറിയും വളരെയധികം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കും. അതുകൊണ്ടുതന്നെ രാത്രിയിൽ ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കാം.
ബ്രൊക്ക്ളി
ബ്രോക്ക്ളിയിലും കോളിഫ്ലവറിലും വലിയ അളവിൽ ഇൻസോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സാവധാനത്തിലാക്കും. അതിനാൽ രാത്രിയിൽ ഇത്തരം പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ടൊമാറ്റോ സോസ്
ടൊമാറ്റോ സോസിൽ ഹൈ ഫ്രക്ടോസ് കോൺസിറപ്പ് അടങ്ങിയിട്ടുണ്ട്. കോൺസ്റ്റാർച്ചിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള ഒരു മധുരമാണിത്. ഇത് ഉയർന്ന അളവിൽ അസിഡിറ്റി ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...