വരണ്ടതും കറുത്ത നിറത്തോടെയുമുള്ള ചുണ്ടുകൾ പലരുടേയും പ്രശ്നമാണ്. പലതരം ബ്രാൻഡുകളിൽ ലഭിക്കുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ സാധാരണയായി ഹൈപ്പർ പിഗ്മെന്റേഷൻ വരാനുള്ള സാധ്യത കൂടുതലാണ്. അതായത്, മെലാനിൻ അധികമാവുന്നത് മൂലമുണ്ടാവുന്ന അവസ്ഥയാണ് ഇത്. പുകവലി, ടൂത്ത് പേസ്റ്റ്- ലിപ്സ്റ്റിക്ക് എന്നിവയുടെ അലെർജി, ജലാംശം കുറയുന്നത്, അളവിലധികം സൂര്യപ്രകാശം ഏൽക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ചുണ്ടിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ.
ചുണ്ടിന്റെ ഡ്രൈനസ് കുറക്കാനും തിളക്കം കൂട്ടാനും വേണ്ടി ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?...ഹോം മെയ്ഡ് ലിപ് ബാം ഉണ്ടാക്കുവാൻ മികച്ചത് ബീറ്റ് റൂട്ട് തന്നെയാണ്. ആർട്ടിഫിഷ്യൽ കളർ വേണ്ട എന്നത് കൊണ്ട് മാത്രമല്ല ബീറ്റ് റൂട്ടിന്റെ പിങ്ക് നിറം നിങ്ങളുടെ ചുണ്ടിനെ കൂടുതൽ തിളക്കമുള്ളതാക്കുവാനും ചുണ്ട് കൂടുതൽ മൃദുലമാക്കുവാനും സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ് റൂട്ട് കഴുകി തൊലി കളഞ്ഞ് വളരെ ചെറിയ കഷ്ണങ്ങളാക്കുക. കുറഞ്ഞത് 2 ദിവസമെങ്കിലും സൂര്യപ്രകാശത്തിൽ വെച്ച് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി ലിപ് ബാം സൂക്ഷിക്കുന്നതിനായി ഒരു കണ്ടെയ്നർ എടുത്ത് അതിൽ 2 സ്പൂൺ വെളിച്ചെണ്ണ / ഒലീവ് ഓയിൽ ചേർക്കുക.
അതിലേക്ക് ഒരു വൈറ്റമിൻ ഇ ടാബ്ലറ്റ് ചേർക്കുക. എന്നിട്ട് പൊടിച്ച് വെച്ച ബീറ്റ് റൂട്ടിൽ നിന്ന് ആവശ്യത്തിന് പൊടി ഈ മിശ്രിതത്തിൽ ചേർത്ത് ഇളക്കുക. ശേഷം അടച്ച് വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. യാതൊരുവിധ കെമിക്കലുകളും ചേർക്കാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കി നോക്കൂ. ഇനി വരണ്ട ചുണ്ടുകൾക്ക് ബൈ പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...