നൂറ്റാണ്ടുകൾക്ക് മുന്നേ എത്തി ഇന്നും ജനപ്രിയ യാത്രാ മാർഗങ്ങളിൽ ഒന്നായി ജൈത്രയാത്ര തുടരുകയാണ് സൈക്കിൾ. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്കിൾ വളരെ ഗുണം ചെയ്യുന്നു. സൈക്കിളിന്റെ ഉപയോഗത്തിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി നേടിയെടുക്കാൻ സാധിക്കും. സൈക്കിളിന് നിത്യ ജീവിതത്തിലെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക അതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (United Nations General Assembly)യാണ് ജൂൺ 3 ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. കാലം മാറിയതിനനുസരിച്ച് കോലത്തിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ച സൈക്കിളിനു പിന്നിലും കൗതുകകരമായ ഒരു ചരിത്രമുണ്ട്. ആദ്യകാലങ്ങളിൽ യാത്രക്കായി ഉപയോഗപ്പെടുത്തിയിരുന്നത് കുതിരകളെയാണ്. 1817ൽ കാൾ വോൺ എന്ന ജർമ്മൻകാരൻ കുതിരകളില്ലാതെ ഒരു വാഹനം കണ്ടുപിടിച്ചു. രണ്ടു ചക്രങ്ങൾ മുന്നിലും പിന്നിലുമായി ബന്ധപ്പെടുത്തി ഇടയിൽ ഒരു സീറ്റും ഘടിപ്പിച്ച ഇതിന് പക്ഷെ പെഡലുകൾ ഇല്ലായിരുന്നു. പകരം നമ്മൾ പാദങ്ങൾ ഉപയോഗിച്ച് നിലത്തേക്ക് തള്ളി വേണം ഇത് മുന്നോട്ട് കൊണ്ടു പോകാൻ. 'ഡ്രെയ്‌സിൻ' എന്നായിരുന്നു ആ ഉപകരണത്തിന് നൽകിയ പേര്.
ALSO READ: തൈറോയിഡ് പ്രശ്നങ്ങൾ അലട്ടുന്നുവോ? പ്രതിവിധിയുണ്ട്
കാൾ വോൺ പിന്നീട് തന്റെ യാത്ര മാർഗത്തിനായി കൂടുതലായി ഉപയോഗപ്പെടുത്തിയത് ഡ്രെയ്‌സിൻ ആയിരുന്നു. ഇന്നത്തെ സൈക്കിളിലേക്ക് എത്തുന്നതിന് 'ഡ്രെയ്‌സിൻ' വഹിച്ച പങ്ക് വളരെ പ്രധാനമാണ്. 1870 കളുടെ തുടക്കത്തിൽ ആണ് ഹൈ-വീൽ സൈക്കിളുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്. അതിന് മുന്നേ സൈക്കിൾ എന്ന പേര് പോലും അത്ര ജനകീയമായിരുന്നില്ല. 1935-ൽ 25 കാരനായ ഫ്രെഡ് എ ബിർച്ച്മോർ ആണ് സൈക്കിളിൽ ആദ്യമായി ലോകം ചുറ്റിയത്. യൂറോപ്പ്, ഏഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലൂടെ 40,000 മൈലുകൾ അദ്ദേഹം പിന്നിട്ടു.
സൈക്ലിംഗിന്റെ ഗുണങ്ങളും പ്രാധാന്യവും
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ സൈക്ലിംഗ് ഒരു ഗതാഗത മാർഗം മാത്രമല്ല മികച്ച ഒരു വ്യായാമ മാർഗം കൂടിയാണ് നടത്തവും സൈക്കിൾ സവാരിയും എല്ലാം. ഇവ ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസറുകൾ, പ്രമേഹം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറക്കാനും ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താനും സൈക്ലിംഗ് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് മൂലം ഓരോ വർഷവും യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമായി ഏകദേശം 1 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ട്.
സൈക്ലിംഗ് ചെയ്യുന്നത് ഇത്തരം മരണങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കും. സൈക്കിൾ സവാരി സ്ഥിരമാക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം. മാനസിക സമ്മർദം കുറക്കാം, ഹൃദയാരോഗ്യം, പേശികളെ ബലപ്പെടുത്തൽ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കൽ തുടങ്ങി നിരവധി ഗുണങ്ങളും സൈക്ലിംഗിന് ഉണ്ട്. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ കുറക്കാൻ സാധിക്കുമെന്നാണ് നിരീക്ഷണം. ആഗോളതലത്തിൽ 80-ലധികം രാജ്യങ്ങൾ ലോക സൈക്കിൾ ദിനം ആഘോഷിക്കാറുണ്ട്. സ്ലോ സൈക്ലിംഗ്, സൈക്കിൾ റെയിസിംഗ്, പോലുള്ള നിരവധി മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ ദിവസത്തിൽ നടത്താറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...