തിരുവനന്തപുരം : തിരുവല്ലം പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ മരണം പോലീസ് മർദനത്തെ തുടർന്നാണെന്നുള്ള കുടുംബത്തിന്റെ ആരോപണത്തിന് ശക്തി പകർന്ന് പോസ്റ്റ്മോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട്. സുരേഷിന്റെ മൃതദേഹത്തിൽ 12 ഇടങ്ങളിൽ ചതവുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് വാദിച്ച പോലീസ് പ്രതിരോധത്തിലായി.
സുരേഷിന്റെ കഴുത്തിലും തുടകളിലും തോളിലും മുതുകിലുമായി 12 ഇടങ്ങളിൽ ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നും മർദ്ദിച്ചിട്ടില്ലെന്നുമുള്ള പോലീസ് വാദത്തെ പൊളിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
ALSO READ : Pocso case: നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി
സുരേഷിന്റെ മരണത്തിന് കാരണം ഹൃദയാഘാതമാണെങ്കിലും അതിലേക്ക് നയിച്ചത് ശരീരത്തിലേറ്റ ഈ ചതവുകളാകാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പോലീസുകാർ മർദ്ദിച്ചതാണ് സുരേഷിന്റെ മരണത്തിന് കാരണമായതെന്നാണ് സഹോദരൻ സുഭാഷ് നേരത്തെ ആരോപിച്ചിരുന്നു.
അവസാനമായി കണ്ടപ്പോൾ സുരേഷിന്റെ ശരീരം മുവുവൻ ചതവുകളും മുഴകളുമുണ്ടായിരുന്നതായി സഹോദരൻ സുഭാഷ് പറയുന്നു. വാരിയെല്ലിന്റെ ഭാഗമെല്ലാം ചുവന്നിരുന്നു. ചായ വാങ്ങി തിരികെ എത്തിയപ്പോൾ പോലീസ് പറഞ്ഞത് സുരേഷിന് സുഖമില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുകയാണെന്നുമാണ്. ഗ്യാസ് ആണെന്ന് പറഞ്ഞാണ് മാറ്റിയത്. പോലീസുകാർ തൂക്കിയെടുത്ത് നടത്താൻ ശ്രമിച്ചെങ്കിലും സഹോദരൻ കുഴഞ്ഞുകിടക്കുകയായിരുന്നുവെന്ന് സുഭാഷ് അറിയിച്ചു. അടുത്തേക്ക് ചെല്ലാൻ ശ്രമിച്ച തന്നെ പോലീസ് അസഭ്യം പറഞ്ഞ് ഓടിക്കുകയായിരുന്നു.
ALSO READ : തിരുവല്ലം കസ്റ്റഡി കൊലപാതകം; സുരേഷ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പിന്നീട് സുരേഷിന് അസുഖം കൂടുതലാണെന്നും ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നും വേണമെങ്കിൽ പോയി കാണാനും പറഞ്ഞു. എന്നാൽ താനെത്തുമ്പോൾ സുരേഷിന്റെ മൃതദേഹം സ്‌ട്രെച്ചറിൽ മൂടിപ്പുതച്ച് കിടത്തിയിരിക്കുകയായിരുന്നുവെന്നും സുഭാഷ് പറഞ്ഞു.
ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം സ്വദേശി സുരേഷ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.