തിരുവല്ലം കസ്റ്റഡിമരണം; എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; സി.ഐക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ വിപിൻ, ​ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐ സുരേഷ് വി നായർക്ക് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 06:34 PM IST
  • പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പോലീസ് കമ്മീഷണർ ജി.സപർജൻകുമാറിന്റെ നടപടി
  • കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
  • കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് തിരുവല്ലത്ത് പോലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു
  • എന്നാൽ, സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു
തിരുവല്ലം കസ്റ്റഡിമരണം; എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ; സി.ഐക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ച സംഭവത്തിലാണ് നടപടി. തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ വിപിൻ, ​ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐ സുരേഷ് വി നായർക്ക് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പോലീസ് കമ്മീഷണർ ജി.സപർജൻകുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് തിരുവല്ലത്ത് പോലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ, സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മരണകാരണമാകുന്ന പരിക്കുകള്‍ ശരീരത്തിലില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 

ഈ സാഹചര്യത്തിൽ കേസിൽ പോലീസിനെതിരെ മർദനം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ഉടൻ ചുമത്തേണ്ടത്തില്ലെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സുരേഷിനെ കസ്റ്റഡിയിലെടുത്തപ്പോൾ നടപടിക്രമങ്ങളിൽ ഉൾപ്പടെ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ്.ഐ. അടക്കം മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻ്റ് ചെയ്യാൻ കമ്മീഷണർ ഉത്തരവിട്ടത്. സുരേഷിന് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്നുള്ളതിൽ വിശദമായ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

തിരുവല്ലം ജഡ്ജികുന്നിൽ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രാത്രി 11.30യോടെയാണ് സുരേഷ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ  സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘമാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്നതിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. കസ്റ്റഡി കൊലപാതകം എന്ന വ്യാപക ആക്ഷേപവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. സ്ഥലത്ത് പോലീസിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

എന്നാല്‍, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് വ്യക്തമാക്കുന്നത്. ശരീരത്തില്‍ കാര്യമായ പരിക്കുകളില്ല. ഗുരുതരമായ മര്‍ദനത്തിന്‍റെ അടയാളങ്ങളുമില്ല. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളും ഉണ്ട്. അവ മരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനാൽ, അസ്വാഭാവിക മരണം എന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിരുവല്ലം സ്റ്റേഷനിലെ പോലീസുകാരെയും ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റ് നടന്ന സ്ഥലത്തെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News