പ്രണയം നടിച്ച് പീഡിപ്പിക്കും: പിന്നീട് കയ്യൊഴിയും; തലസ്ഥാനത്ത് അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് പെൺകുട്ടികൾ

അഞ്ചു മാസത്തിനിടെ പ്രായപൂർത്തിയാകാത്ത അഞ്ചു പെൺകുട്ടികൾ ആത്മഹത്യ ചെയ്തു

Written by - Abhijith Jayan | Edited by - M Arun | Last Updated : Jan 16, 2022, 11:14 AM IST
  • സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയോട് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
  • അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ
  • കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു
പ്രണയം നടിച്ച് പീഡിപ്പിക്കും: പിന്നീട് കയ്യൊഴിയും; തലസ്ഥാനത്ത് അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് പെൺകുട്ടികൾ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രണയക്കുരുക്കിൽപെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇതിൽ ഏറെയും ആത്മഹത്യ ചെയ്യുന്നത്. അഞ്ചു മാസത്തിനിടെ അഞ്ചു പെൺകുട്ടികൾ ഇത്തരത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ രണ്ടു പേർ ആത്മഹത്യാശ്രമവും നടത്തി. 

അതിനിടെ, വിതുര, പെരിങ്ങമല ആദിവാസി സെറ്റിൽമെൻ്റ് കോളനികളിലാണ് പെൺകുട്ടികളുടെ ആത്മഹത്യകൾ തുടർക്കഥയാകുന്നത്. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതോടെ ആരോഗ്യവകുപ്പ് ഇടപെട്ടു. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയോട് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കി.

പ്രണയക്കുരുക്കിൽ പെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം കഞ്ചാവും മയക്കുമരുന്നും നൽകി പീഡിപ്പിക്കുകയാണ് റാക്കറ്റുകളുടെ പതിവ് രീതി. പീഡനവിവരം പുറത്തിഞ്ഞതോടെ പെൺകുട്ടികൾ ആത്മഹത്യ ചെയ്യും. 

ആത്മഹത്യ ചെയ്തവരുടെ പോസ്റ്റ്മോർട്ടം റിപോര്‍ട്ടില്‍ ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. ഇങ്ങനെയാണ് അഞ്ചു മാസത്തിനിടെ ഇവിടെ അഞ്ചോളം വരുന്ന പാവപ്പെട്ട പെൺകുട്ടികൾ മരണപ്പെട്ടതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

വിതുര ചെമ്പികുന്നം ആദിവാസി ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് മാസങ്ങള്‍ക്ക് മുമ്പാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ 18-കാരി തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന് സമീപത്തെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ തൂങ്ങി മരിച്ചത്. കാമുകനുള്ള രഹസ്യ ബന്ധങ്ങൾ അറിഞ്ഞതിനെ തുടർന്നാണ് കൃഷ്ണേന്ദുവെന്ന മറ്റൊരു പെൺകുട്ടിയും ആത്മഹത്യചെയ്തത്.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പാലോട് ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. 

തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണി കരിക്കകം സോജി ഭവനില്‍ അലന്‍ പീറ്റര്‍ (25) കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. അലന്‍ പീറ്റര്‍ പിടിയിലായെങ്കിലും സുഹൃത്തുക്കളായ സഹായികളിപ്പോഴും ഒളിവിൽ തുടരുകയാണ്.

എന്നാൽ, നവംബര്‍ 21നാണ് പെരിങ്ങമ്മല അഗ്രിഫാം കരിക്കകം ആദിവാസി കോളനിയില്‍ പതിനാറു വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) അറസ്റ്റിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി വിപിന്‍കുമാര്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, ജനുവരി 10 ന് വിതുരയില്‍ 18 വയസുകാരിയായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണ് ഏറ്റവുമൊടുവിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത സംഭവം. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തി മൊബൈലില്‍ നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

വിതുര ചിറ്റാര്‍ സ്വദേശിയായ ശ്രീജിത്ത് ജി നാഥ് (20) ആണ് വിതുര പോലീസിൻ്റെ കസ്റ്റഡിയിലായത്. ദീർഘനാളായി പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്.

എന്നാൽ, ലഹരി മാഫിയകൾ ആദിവാസി സെറ്റിൽമെൻ്റ് കോളനികളിൽ പിടിമുറുക്കുമ്പോൾ എക്സൈസും പൊലീസും കാര്യമായ പരിശോധനകൾ നടത്തുന്നില്ലെന്നതാണ് പൊതുവേ ഉയരുന്ന ആക്ഷേപം. എക്സൈസും പോലീസും സംയുക്തമായി ചേർന്ന് കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആദിവാസി ഊരുകളിൽ സംഘടിപ്പിക്കണമെന്നും വേണ്ടത്ര അവബോധം പെൺകുട്ടികൾക്ക് നൽകണമെന്നും പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളും ആവശ്യപ്പെടുന്നു.

 പൊലീസിൻറെ കൃത്യമായ പരിശോധനകൾ ഊരുകളിൽ നടത്തിയാൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള റാക്കറ്റുകൾ തടയാനാകുമെന്നാണ് നാട്ടുകാരുടെ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News