ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗവുമായ സോയിമോന്‍ സണ്ണി പിടിയിൽ. ഇയാളെ ചേലച്ചുവട്ടിലെ വീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സോയിമോനെ കഴിഞ്ഞ കുറച്ചു ദിവസമായി പോലീസ് തിരയുകയായിരുന്നു. നിഖില്‍ പൈലിയോടൊപ്പം ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് സോയിമോന്‍ സണ്ണിയെന്നാണ് പോലീസ് പറയുന്നത്.
Also Read: SFI Worker Murder: ധീരജിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; അന്ത്യവിശ്രമം വീടിനോട് ചേർന്ന്
സോയിമോൻ സണ്ണിയെ വിശദമായി ചോദ്യം ചെയ്ത്വരികയാണ്. കേസിൽ അറസ്റ്റിലായിരിക്കുന്ന ഒരാൾക്കെതിരെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിയും ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയുമായിരുന്ന ധീരജ് ജനുവരി 10നാണ് കൊല്ലപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ധീരജ്. കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിന് കുത്തേൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...