ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഓഹരികൾ വിറ്റ് ഇലോൺ മസ്‌ക്. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് 3.58 ബില്യൺ ഡോളർ (29,63,3 കോടി രൂപ) മൂല്യമുള്ള ഓഹരികൾ മസ്‌ക് വിറ്റത്. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്‌ക് വിറ്റ ടെസ്‌ല ഓഹരികളുടെ മൂല്യം 40 ബില്യൺ ഡോളർ കടന്നു. ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന ഖ്യാതി നഷ്ടമായതിന് പിന്നാലെയാണ് മസ്‌ക്കിന്റെ നടപടിയെങ്കിലും ഓഹരി വിൽപ്പനയ്ക്ക് പിന്നിലെ ശരിയായ കാരണം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രമുഖ കാർ നിർമ്മാതാക്കളുടെ കൂട്ടത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ഓഹരികളാണ് ടെസ്‌ലയുടേതെന്നാണ് നിക്ഷേപകരുടെ പക്ഷം. ഈ സാഹചര്യം തുടർന്നാൽ കമ്പനിയിന്മേലുള്ള ആളുകളുടെ വിശ്വാസം നശിക്കുമെന്നും ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് ഇടിയുമെന്നും നിക്ഷേപകർ വിലയിരുത്തുന്നു. ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് മറ്റ് ബിസിനസുകളിൽ ശ്രദ്ധ നൽകുന്നില്ലെന്നും ഇത് നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകരെ നിർബന്ധിതരാക്കുന്നു എന്നും ആക്ഷേപമുണ്ട്. 2020 നു ശേഷം ആദ്യമായി ന്യൂയോർക്കിൽ മസ്കിന്റെ ഓഹരിയുടെ വിപണി മൂല്യം 500 ബില്യൺ ഡോളറിൽ താഴെയായതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
44 ബില്യൺ ഡോളർ ചിലവഴിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് ദിവസങ്ങൾക്ക് ശേഷ൦ ടെസ്‌ലയുടെ 19.5 മില്യൺ ഓഹരികൾ വിറ്റതായി അറിയിച്ചിരുന്നു. വൻ തോതിൽ നിക്ഷേപം നടത്തിയാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതാണ് ടെസ്‌ലയുടെ ഓഹരി മൂല്യമിടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ഇലോൺ മസ്കിന് നഷ്ടമായത്. ഫോർബ്‌സിന്റെയും ബ്ലൂംബർഗിന്റെയും പട്ടിക പ്രകാരം നിലവിൽ ലൂയി വിറ്റോൺ മേധാവി ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. 11.8 ബില്യൺ ഡോളറിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...