തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് 7 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഓഗസ്റ്റ് 24 വരെയാണ് സമ്മേളനം. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായാണ് ഈ സമ്മേളനം ചേരുന്നത്. 12 ദിവസമാണ് സമ്മേളനം ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു. സമ്മേളനത്തിൽന സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ഓഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
Also Read: KAL E-Scooters: ആറ് മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കാനൊരുങ്ങി കെ എ എൽ
മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ വരും. ഓഗസ്റ്റ്14നും 15നും സഭ ചേരില്ല.
അതേസമയം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും അനന്തപുരിയുടെ സാംസ്കാരിക ഭൂമികയിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. അതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു.