മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എംടി വാസുദേവൻ നായരുടെ 91ാം ജന്മദിന ആഘോഷം. പ്രോഗ്രാമിനിടയിൽ കാലിടറിയപ്പോൾ മമ്മൂട്ടിയുടെ നെഞ്ചിൽ ചാഞ്ഞ് നിന്ന എംടി. മലയാളികൾ ആ കാഴ്ച കണ്ടത് ഒരു ചെറുപുഞ്ചിരിയോടെയാണ്.
എംടിയുടെ വിയോഗ വാർത്ത അറിഞ്ഞ ഓരോ മലയാളികളുടെയും മനസ്സിൽ തെളിഞ്ഞ മറ്റൊരു മുഖം മമ്മൂട്ടിയുടേതായിരിക്കും ഒപ്പം ഈ ചിത്രവും. അത്രത്തോളം ആഴമുണ്ടായിരുന്നു അവരുടെ ബന്ധത്തിന്.
തിരക്കഥാകൃത്ത് - നടൻ എന്നതിലുപരി വ്യക്തിപരമായ അടുപ്പമായിരുന്നു ഇരുവരും തമ്മിൽ. മമ്മൂട്ടിക്ക് പകര്‍ന്നാടാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് എംടി മെനഞ്ഞെടുത്തത്.
ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തത്. അതിൽ എംടിക്ക് പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ഒരു ചിത്രമായിരുന്നു 'ദേവലോകം'. എന്നാൽ ആ സിനിമയ്ക്കായ് എംടി കണ്ടെത്തിയ യുവാവ് പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി, സാക്ഷാൽ മമ്മൂട്ടി.
ദേവലോകം നടന്നില്ലെങ്കിലും എംടിയുടെ തിരക്കഥയിൽ എത്തിയ അടുത്ത ചിത്രത്തിൽ മമ്മൂട്ടിക്കായി ഒരു വേഷം അദ്ദേഹം കരുതിയിരുന്നു. 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ആ ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാ ലോകത്ത് സജീവമായി.
Read Also: 'എന്റെ എംടി സാർ പോയല്ലോ; മഴ തോർന്നപോലെയുള്ള ഏകന്തതായാണ്'; എംടിയുടെ വിയോഗത്തിൽ മോഹൻലാൽ
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ എംടിയുടെ സ്ഥാനം വളരെ വലുതാണ്. എംടിയുടെ തൂലികയിൽ പിറന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അദ്ദേഹം തിരഞ്ഞെടുത്തത് മമ്മൂട്ടിയേയായിരുന്നു.
ആദ്യ സിനിമ എന്നത് പോലെ മമ്മൂട്ടി ആദ്യ നായകനായതും എംടി തിരക്കഥ നിർവഹിച്ച ചിത്രത്തിലായിരുന്നു, തൃഷ്ണ. ബാബു നമ്പൂതിരിയെ നായനായി നിശ്ചയിച്ച് ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രം ഏറെ ആകസ്മികമായാണ് മമ്മൂട്ടിയുടെ കൈകളിലെത്തിയത്.
മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യ പുരസ്കാരം നേടിനൽകിയ അടിയൊഴുക്കും(1984) എംടിയുടെ തിരക്കഥയായിരുന്നു. എംടിയുടെ വടക്കൻ വീരഗാഥയിലൂടെ സംസ്ഥാന അവാർഡും ആദ്യത്തെ ദേശീയ പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചു.
വീരഗാഥ, സുകൃതം, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മമ്മൂട്ടിയിലെ നടനെ അദ്ദേഹം ആഴത്തിൽ പ്രയോജനപ്പെടുത്തി. എം.ടി തന്റെ ആത്മാംശം ഉള്‍ക്കൊളളുന്ന രണ്ട് സിനിമകളിലും നായകനായി തെരഞ്ഞെടുത്തതും മമ്മൂട്ടിയെ തന്നെയായിരുന്നു, സുകൃതവും അക്ഷരങ്ങളും.
'അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക. തിരിച്ച് മമ്മൂക്കക്കും അതുപോലെയാണ്. ഒരു പ്രത്യേക വാത്സല്യം അച്ഛന് മമ്മൂക്കയോടുണ്ട്. അച്ഛനെ നന്നായി നോക്കണമെന്ന് മമ്മൂക്ക ഇടയ്ക്ക് പറയും, അച്ഛന്‍ മൂപ്പരുടേത് കൂടിയാണെന്ന് ആ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്', എംടിയുടെ മകൾ അശ്വതിയുടെ ഈ വാക്കുകൾ തന്നെയാണ് എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന വൈകാരിക ബന്ധത്തിന്റെ ശക്തമായ തെളിവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.