Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

രാജ്യത്ത് അപൂര്‍വമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്താകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരിൽ 11 പേർ മാത്രമാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്.  

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 03:48 PM IST
  • രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്.
  • സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.
Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ രോഗ ലക്ഷണങ്ങള്‍ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകള്‍ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് Miltefosine മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും, ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞത്.

Also Read: Kerala Nipah updates: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍

 

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം കൂടുകയും, അപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുമായി ചേര്‍ന്ന് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലര്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് തീരുമാനിക്കുകയും ഇതനുസരിച്ച് ജൂലൈ 20ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്.

 

Trending News