International Women’s Day 2023: വനിതാ ദിനത്തിൽ താലിബാന്റെ വകയും ആശംസകൾ; സ്ത്രീവിരുദ്ധതയിൽ പൊതിഞ്ഞ ആശംസകളോ?

Women's day wishes from Taliban: താലിബാന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നടപടികൾ മാത്രമേ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂവെന്ന് വ്യക്തമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 11:40 AM IST
  • ഭക്ഷണം, ജോലി, സ്വാതന്ത്ര്യം, നീതി ഇതെല്ലാം അഫ്ഗാൻ സ്ത്രീകൾക്ക് വിദൂര സ്വപ്നം മാത്രമാണ്
  • അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു
  • അത് വെറും ആശങ്കയല്ല, ദുരിതങ്ങളുടെ തുടർച്ചയാണെന്ന് താലിബാൻ തെളിയിക്കുകയും ചെയ്തു
International Women’s Day 2023: വനിതാ ദിനത്തിൽ താലിബാന്റെ വകയും ആശംസകൾ; സ്ത്രീവിരുദ്ധതയിൽ പൊതിഞ്ഞ ആശംസകളോ?

അന്താരാഷ്ട്ര വനിതാദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ. അഫ്ഗാന്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അന്താരാഷ്ട്ര വനിതാദിനം എല്ലാ സ്ത്രീകള്‍ക്കും ശുഭകരമായിരിക്കട്ടെ എന്നുമാണ് അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തത്.‌‌

അതേസമയം  അംഗീകൃത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മാന്യവും പ്രയോജനപ്രദവുമായ ജീവിതത്തിനുള്ള സൗകര്യങ്ങള്‍ അവിടത്തെ സ്ത്രീകള്‍ക്ക് ഒരുക്കുമെന്ന് പറയുമ്പോഴും ബുര്‍ഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് പറയാതെ പറയുന്നുണ്ട് താലിബാൻ. താലിബാന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നടപടികൾ മാത്രമേ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂവെന്ന് വ്യക്തമാണ്.

ALSO READ: International Women’s Day 2023: മുന്നേറാനുള്ള കരുത്ത്; അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

സ്ത്രീകൾക്കായി താലിബാന്‍ കൊണ്ടുവന്ന ചില നിയമങ്ങൾ ഇവയാണ്. രക്തബന്ധമുള്ള പുരുഷനോടൊപ്പം മാത്രമേ സ്ത്രീകളെ തെരുവിൽ കാണാൻ പാടുള്ളൂ, ബുർഖ നിർബന്ധമായും ധരിക്കണം, സ്ത്രീകൾ നടന്നുപോകുന്ന ശബ്ദം കേൾക്കരുത്, ഹൈ ഹീൽ‌സ് ഷൂസ് ധരിക്കരുത്, സ്ത്രീകൾ സംസാരിക്കുമ്പോൾ ശബ്ദം അപരിചിതർ കേൾക്കരുത്, തെരുവുകളിൽനിന്ന് നോക്കിയാൽ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്, താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകൾ മറച്ചുവയ്ക്കണം, സ്ത്രീകൾക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും പത്രം, പുസ്തകം, കടകൾ, വീടുകൾ എന്നിവയില്‍ പ്രദർശിപ്പിക്കുന്നതിനും വിലക്ക്.

സ്ഥലനാമങ്ങളിൽനിന്ന് ‘വനിത’ എന്ന് അർഥം വരുന്നവ മാറ്റണം. ബാൽക്കണികളിൽ കയറി നിൽക്കരുത്. റേഡിയോ, ടിവി, പൊതുപരിപാടികൾ എന്നിവയിൽ സ്ത്രീ പങ്കാളിത്തം ഉണ്ടാകരുത് തുടങ്ങിയ വിചിത്രമായ നിയമങ്ങളാണ് സ്ത്രീകൾക്കായി താലിബാൻ നടപ്പാക്കിയിരിക്കുന്നത്. വർഷങ്ങളായി ചെയ്യുന്ന ജോലിയും ജീവിത സാഹചര്യങ്ങളും പഠിത്തവും എല്ലാം ഉപേക്ഷിച്ച് അഫ്ഗാനിലെ സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ALSO READ: International Women’s Day 2023: നിങ്ങളെ സ്വാധീനിച്ച ശക്തരായ സ്ത്രീകൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേരാം

താലിബാൻ ഭരണത്തിൽ സ്ത്രീകളെ കാത്തിരിക്കുന്നത് ഭയം മാത്രമാണ്. ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ക്കായി കാബൂളില്‍ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ താലിബാന്‍ സേന കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത് ആരും മറന്ന് കാണില്ല. സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുന്നതില്‍ മാത്രം ഒതുങ്ങണമെന്ന് താലിബാന്‍ വക്താവ് പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ജനാധിപത്യത്തിന്റെ നാലാംതൂണെന്നറിയപ്പെടുന്ന മാധ്യമപ്രവർത്തകരെയും താലിബാൻ വെറുതെ വിട്ടിരുന്നില്ല. ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ വനിതാ അവതാരകർ മുഖം മറച്ചിരിക്കണെന്ന ഉത്തരവും താലിബാൻ പുറപ്പെടുവിച്ചു.

ഗാർഹിക പീഡനത്തിനിരയായി വിവാഹമോചനം നേടിയ സ്ത്രീകളോട് വീണ്ടും മുൻ ഭർത്താക്കന്മാർക്കൊപ്പം ജീവിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ യുഎസിന്‍റെ സൈനിക സാനിധ്യമുള്ളപ്പോഴാണ് പങ്കാളികളിൽ നിന്നും ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന സ്ത്രീകൾക്ക് വിവാഹ മോചനം നൽകിയത്. ഭക്ഷണം, ജോലി, സ്വാതന്ത്ര്യം, നീതി ഇതെല്ലാം അഫ്ഗാൻ സ്ത്രീകൾക്ക് വിദൂര സ്വപ്നം മാത്രമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അത് വെറും ആശങ്കയല്ല, ദുരിതങ്ങളുടെ തുടർച്ചയാണെന്ന് താലിബാൻ തെളിയിക്കുകയും ചെയ്തു. എണ്ണിയാൽ തീരുന്നതല്ല താലിബാന്റെ സ്ത്രീ വിരുദ്ധത. എന്നിട്ടും വനിതാ ദിന ആശംസകൾ നേരാൻ താലിബാൻ മറന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News