പാകിസ്ഥാന് ഇനി പുതിയ നായകൻ; ഇമ്രാൻ വീഴ്ത്തി എത്തുന്നത് നവാസ് ഷെരീഫിന്‍റെ സഹോദരൻ

അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ  പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രിയാകുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 06:14 PM IST
  • പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനാണ് ശരീഫ്
  • രാജ്യത്തെ വിദേശ, പ്രതിരോധ നയങ്ങൾ നിയന്ത്രിക്കുന്ന പാക് സൈന്യവുമായി നല്ല ബന്ധത്തിലാണ് ശഹ്ബാസ് ശരീഫ്
  • പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയില്‍ പാക് ജനതയ്ക്ക് സുപരിചിതനാണ് ശരീഫ്
പാകിസ്ഥാന് ഇനി പുതിയ നായകൻ; ഇമ്രാൻ വീഴ്ത്തി എത്തുന്നത് നവാസ് ഷെരീഫിന്‍റെ സഹോദരൻ

പാകിസ്ഥാനിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ്.  അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ  പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് അടുത്ത പ്രധാനമന്ത്രിയാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനാണ് ശരീഫ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയില്‍ പാക് ജനതയ്ക്ക് സുപരിചിതനാണ് അദ്ദേഹം. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്‍റെ ഇളയ സഹോദരനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് നേതൃത്വം നല്‍കിയതും ശരീഫ് ആയിരുന്നു. രാജ്യത്തെ വിദേശ, പ്രതിരോധ നയങ്ങൾ നിയന്ത്രിക്കുന്ന പാക് സൈന്യവുമായി നല്ല ബന്ധത്തിലാണ് ശഹ്ബാസ് ശരീഫ്. പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഭരണ മികവ് പുലര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  

ലാഹോറിലെ വ്യവസായി കുടുംബത്തിലായിരുന്നു ശഹ്ബാസ് ശരീഫിന്‍റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പഞ്ചാബ് പ്രവിശ്യയിൽ രാഷ്ട്രീയ രംഗത്ത് സജീവമാകുകയായിരുന്നു. 1988ൽ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കും 1990ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1997ലാണ് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് ഷഹബാസ്. 1997ലാണ് ഷഹബാസ് ഷരീഫ് ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്.  പഞ്ചാബിന്‍റെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ കൂടുതൽ ​ശ്രദ്ധിച്ചപ്പോൾ പഞ്ചാബ് ജനത അദ്ദേഹത്തെയും നെ​ഞ്ചേറ്റുകയായിരുന്നു.പഞ്ചാബ് പ്രവിശ്യയിലെ വികസനത്തിന്‍റെ പേരില്‍ ശഹ്ബാസ് ജനപ്രീതി നേടിയിരുന്നു. 

എന്നാൽ പര്‍വേസ് മുശറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെടുകയായിരുന്നു.  തുടർന്ന് അടുത്ത എട്ട് വർഷം സൗദി അറേബ്യയിലാണ് ഷരീഫ് കഴിഞ്ഞത്. പിന്നീട് 2007ലാണ് അദ്ദേഹം പാകിസ്താനില്‍ തിരിച്ചെത്തിയത്. 2013ൽ വീണ്ടും പഞ്ചാബിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. സഹോദരൻ നവാസ് ​ശരീഫിനെ അയോഗ്യനാക്കിയതിനെ തുടർന്ന് പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2018 മുതൽ ദേശീയ അസംബ്ലിയിൽ അംഗമായിരുന്നു അദ്ദേഹം. 2017 ല്‍ പനാമ പേപ്പേഴ്സ് വിവാദത്തെ തുടര്‍ന്ന്, പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു.  പിന്നാലെയാണ് പാകിസ്ഥാന്‍ മുസ്‍ലിം ലീഗ് — നവാസ് വിഭാഗത്തിന്റെ നേതാവായി സഹോദരനും കോടീശ്വര വ്യവസായിയുമായിരുന്ന ഷഹബാസ് എത്തുന്നത്. 2019 ല്‍ പ്രതിപക്ഷ നേതാവായിരിക്കെ കള്ളപ്പണം വെളുപ്പിച്ച കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷഹബാസിന്റെ ആസ്തികൾ മരവിപ്പിച്ചിരുന്നു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലിലായ ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് ഇമ്രാൻ ഖാൻ സർക്കാരിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

പഞ്ചാബ് പ്രവിശ്യയിൽ ഏവരെയും ഞെട്ടിച്ച് വികസനത്തിന്റെ പാത തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ  നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങളും നേരിട്ടിട്ടുണ്ട്. 2019ൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശഹ്ബാസിനെയും മകൻ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രതിപക്ഷ കക്ഷികൾക്കിടയിൽ പൊതുസമ്മതനാവുകയും ചെയ്തത് വലിയ നേട്ടമായിരുന്നു.  പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളിൽ ഒന്നാണ് ഇന്ന്  ശഹ്ബാസ് ശരീഫ് . പാക് നാഷണൽ അസംബ്ലിയിലെ നിർണായകമായ 84 സീറ്റുകൾ ഇന്ന് ഷഹബാസിന്റെ നിയന്ത്രണത്തിലുണ്ട്. പാകിസ്ഥാനിൽ ഇന്ന്  പ്രതിപക്ഷത്തെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയും ഷഹബാസിന്റെ പാക് മുസ്ലിം ലീഗ് നവാസ് തന്നെയാണ്. അതുതന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെടാനുള്ള പ്രധാന കാരണവും.

മൂന്നു വട്ടം പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴും ഷഹബാസിന്റെ പ്രകടനം മറ്റു മൂന്നു പ്രൊവിൻസുകളുടെ മുഖ്യമന്ത്രിമാരെക്കാളും ഭേദമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിമിഷം വരെയും പാക് സൈന്യത്തിന് അനഭിമതനല്ല എന്നതും ഷെഹ്‌ബാസിന് അനുകൂലമായ ഘടകങ്ങളാണ്. മാത്രമല്ല വിദേശ രാജ്യങ്ങളുമായി, വിശേഷിച്ച് ചൈനയും തുർക്കിയുമായി ഷെഹ്ബാസ് ഷെരീഫിന് ഊഷ്മളമായ ബന്ധങ്ങളാണുള്ളത്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News