സൈനിക ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി റഷ്യ. യുക്രൈനെതിരായ യുദ്ധത്തിൽ തിരിച്ചടികൾ നേരിട്ടത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ സൈനിക ഘടനയിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. സൈന്യത്തിൽ പുതുതായി വരുത്തിയ മാറ്റങ്ങൾ 2023 മുതൽ 2026 വരെ പ്രകടമാകുമെന്നാണ് പ്രതിരോധ മന്ത്രി സെർജി ഷോയിഗു അറിയിച്ചത്. പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഭരണസംവിധാനത്തിലെ പ്രധാന മാറ്റങ്ങൾക്ക് പുറമെ, നാവിക-ബഹിരാകാശ-തന്ത്രപ്രധാനമായ മിസൈൽ സേനകളുടെ പോരാട്ട ശേഷി വർധിപ്പിക്കുന്നതും ഉൾപ്പെടുന്നു.
സായുധ സേനയുടെ പ്രധാന ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ റഷ്യയുടെ സൈനിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കുകയുള്ളു. മാത്രമല്ല, റഷ്യൻ ഫെഡറേഷന്റെ പുതിയ സ്ഥാപനങ്ങളും നിർണായക സൗകര്യങ്ങളും സംരക്ഷിക്കാൻ കഴിയണമെങ്കിൽ ഈ മാറ്റങ്ങൾ വളരെ അനിവാര്യമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. യുക്രൈനിൽ പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന "പ്രോക്സി യുദ്ധം" മൂലമാണ് നിർദിഷ്ട പരിഷ്കാരങ്ങൾ ആവശ്യമായി വന്നതെന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവിന്റെ അഭിപ്രായം.
ALSO READ: Russia-Ukraine War: യുക്രൈനിലേക്ക് കൂട്ട മിസൈൽ ആക്രമണം നടത്തി റഷ്യ
യുക്രൈയ്നിലെ വലിയ പ്രദേശങ്ങൾ പിടിച്ചെടുത്ത് നിയന്ത്രിക്കാൻ സാധിക്കാത്തതിൽ റഷ്യ ആഭ്യന്തരമായി കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം തങ്ങളുടെ സൈനിക സേനയെ 1.5 ദശലക്ഷമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ അധിനിവേശം ആരംഭിച്ചതുമുതൽ, കൂടുതൽ ആളുകളെ സൈന്യത്തിലേക്ക് ചേർക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഡ്രൈവിൽ റഷ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അഫ്ഗാൻ പ്രത്യേക സേനയെയും സൈനികരെയും നിയമിക്കുകയും വിദേശികൾക്ക് അതിവേഗ റഷ്യൻ പൗരത്വം നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുമായി റഷ്യ ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ഇതിനുപുറമെ, യുക്രെയ്നിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനാൽ കൂലിപ്പടയാളികളായി അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പിന്റെ സഹായവും റഷ്യ തേടിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...