യുക്രൈനിൽ മരിച്ചുവീഴുന്ന സാധാരണക്കാർ; പോരാടിമരിക്കുന്ന റഷ്യൻ സൈനികർ; മതിയാക്കുമോ യുദ്ധം?

അമേരിക്കയുടെ ഇന്റലിജൻസ് കണക്ക് പ്രകാരം 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 04:55 PM IST
  • അമേരിക്ക 7.6 ബില്യൺ ഡോളർ സഹായമാണ് യുക്രൈന് ഇതുവരെ നൽകിയത്
  • അത്യാധുനിക യുദ്ധസംവിധാനങ്ങളും എത്തിച്ചുനൽകി
  • ബ്രിട്ടനാണ് യുക്രൈനെ കൈഅയഞ്ഞ് സഹായിച്ച മറ്റൊരു രാജ്യം
യുക്രൈനിൽ മരിച്ചുവീഴുന്ന സാധാരണക്കാർ; പോരാടിമരിക്കുന്ന റഷ്യൻ സൈനികർ; മതിയാക്കുമോ യുദ്ധം?

2022 ഫെബ്രുവരി 24 - സൈനികശക്തിയിൽ ലോകത്ത് രണ്ടാമതുള്ള റഷ്യ സർവസന്നാഹവുമായി  പാഞ്ഞടുത്തപ്പോൾ യുക്രൈൻ ചെറുത്തുനിൽപ് ഒരാഴ്ച പോലും പൂർത്തിയാക്കില്ലെന്ന ഉറപ്പായിരുന്നു. എന്നാൽ ആഴ്ചകളും മാസങ്ങളും പിന്നിട്ടും ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ് യുക്രൈൻ മണ്ണിൽ. എല്ലാ യുദ്ധങ്ങളെയും പോലും കുറെയേറെ അനാഥരെയും അഭയാർഥികളെയും സൃഷ്ടിച്ചുകൊണ്ട് റഷ്യ അധിനിവേശം തുടരുന്നു. 
ലോകത്തിലെ തന്നെ ഏറ്റവുവലിയസംഖ്യ അഭയാർഥികളെയാണ് റഷ്യ യുക്രൈനിൽ സൃഷ്ടിച്ചത്. 41 മില്യണിൽ അധികം ജനസംഖയുള്ള യുക്രൈനിൽ ഇപ്പോൾ സ്വന്തമായി വീടുള്ളവർ കുറവാണത്രെ. മരിച്ചുവീണ ആയിരങ്ങൾ, രാജ്യം വിട്ട് ഓടിയ പൗരൻമാർ, ലോകത്താകമാനം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി. റഷ്യയ്ക്കും യുക്രൈനും മാത്രമല്ല ലോകത്തിനെ ആകെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട യുദ്ധം. 

മരിച്ചവർക്ക് കണക്കില്ല

ഫെബ്രുവരി മുതൽ ഇതുവരെ 2, 45, 237 സാധാരണക്കാർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. പരിക്കേറ്റവർ 7,035 പേർ. പക്ഷേ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാണ്. യുഎൻ ഹൈക്കമ്മീൻ ഫോർ ഹ്യുമൻ റൈറ്റ്സ് ജൂലൈ 25ന് പുറത്തുവിട്ട കണക്കാണിത്. സൈന്യം വർഷിക്കുന്ന മിസൈലുകൾ ഏറ്റും വ്യോമാക്രണത്തിലൂടെയും സ്ഫോടനങ്ങളിലൂടെയും ആണ് സാധാരണക്കാരും മരിച്ചുവീഴുന്നത്. പരസ്പരം പോരാടി മരിക്കുന്ന സൈനികരുടെ കണക്കുകളും വ്യക്തമല്ല. 

അമേരിക്കയുടെ ഇന്റലിജൻസ് കണക്ക് പ്രകാരം 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂന്ന് മടങ്ങ് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. 1979-1989 കാലഘട്ടത്തിൽ അഫ്ഗാനിൽ ഉണ്ടായിതിനെക്കാളും ഉയർന്ന കണക്കാണിത്. കൊല്ലപ്പെട്ട യുക്രൈൻ സൈനികരുടെ എണ്ണം റഷ്യൻ സൈനികരേക്കാൾ കുറവാണെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ റിപ്പോർട്ട്. സിഐഎ ഡയറക്ടർ വില്യൺ ബേൺസ് ഈ മാസം തുടക്കത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. 

റഷ്യൻ അനുകൂല പ്രസിഡന്റിന്റെ പതനത്തിന്ശേഷം  2014 മുതൽ കിഴക്കൻ യുക്രൈനുമായി റഷ്യയ്ക്ക് പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.  2014 നും 2022നും ഇടയിൽ 14,000 ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 3,106  പേർ സാധാരണക്കാരാണ്. 

41 മില്യണിലധികം ജനസംഖ്യയുള്ള യുക്രൈനിൽ മൂന്ന് ഒന്നിലാളുകൾക്ക് സ്വന്തം വീടുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. യുഎൻ അഭയാർഥി ഏജൻസി കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്. യുക്രൈനിൽ നിന്നും നിലവിൽ  6.16 മില്യൺ പേർ യൂറോപ്പിൽ അഭയാർഥികളായുണ്ട്. 

മരിച്ചുവീഴുന്ന മനുഷ്യരുടെ കണക്ക് മാത്രമല്ല യുദ്ധത്തിനുള്ളത്. രാജ്യത്തെ 22 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണാധികാരം റഷ്യ ഏറ്റെടുത്തുകഴിഞ്ഞു. തീരമേഖലയുടെ ഭൂരിഭാഗവും റഷ്യൻ ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടു. വേൾഡ് ബാങ്ക് കണക്ക് പ്രകാരം യുക്രൈൻ സാമ്പത്തികരംഗം 45 ശതമാനം ചുരുങ്ങി. 
യുദ്ധത്തിനു ശേഷമുള്ള മൊത്തം പുനർനിർമ്മാണത്തിന് ഏകദേശം 750 ബില്യൺ ഡോളർ ചിലവാകും എന്നാണ് പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ ഈമാസം ആദ്യം പറഞ്ഞത്. യുദ്ധത്തിന് വേണ്ടി യുക്രൈൻ ഇതുവരെ എത്രമുടക്കി എന്ന കണക്ക് വ്യക്തമല്ല.

യുദ്ധം റഷ്യയ്ക്കും ഏൽപിച്ച ആഘാതം വലുതാണ്. യുദ്ധക്കണക്കുകൾ ഒന്നും റഷ്യ പുറത്തുവിടുകയുമില്ല. സൈനിക ചെലവുകൾ കൂടാതെ, കടുത്ത ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് റഷ്യയെ ശിക്ഷിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചു .  1991 ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ആഘാതമുണ്ടായി. 
 
ആഗോളതലത്തിൽ വലിയ വിലക്കയറ്റത്തിനാണ് യുക്രൈൻ-റഷ്യ യുദ്ധം വഴിവച്ചത്. രാസവളം, ഗോതമ്പ്, ഊർജം, ലോഹങ്ങൾ എന്നിവയ്ക്കുണ്ടായ വിലക്കയറ്റത്തിന് പുറമെ ഭക്ഷ്യക്ഷാമത്തിനും കാരണമായി. വിലക്കയറ്റം ആഗോള സാമ്പത്തികരംഗത്തെ പിടിച്ചുകുലുക്കി.

സൗദി അറേബ്യ കഴിഞ്ഞാൽ എണ്ണ കയറ്റുമതി ചെയ്യുന്നതിൽ ലോകത്ത് തന്നെ രണ്ടാമതാണ് റഷ്യ. പ്രകൃതി വാതകം, ഗോതമ്പ്, നൈട്രജൻ ഫെർറ്റിലൈസർ എന്നിവ കയറ്റുമതി ചെയ്യുന്നതിലും മുന്നിലാണ് റഷ്യ.  റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ, അന്താരാഷ്ട്ര എണ്ണവില 2008 ലെ റെക്കോർഡുകൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.
ലോക സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.2% വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിക്കുന്നു. കഴിഞ്ഞ വർഷത്തെ 6.1% ൽ നിന്ന് കുറവാണിത്. 

അമേരിക്ക 7.6 ബില്യൺ ഡോളർ സഹായമാണ് യുക്രൈന് ഇതുവരെ നൽകിയത്. അത്യാധുനിക യുദ്ധസംവിധാനങ്ങളും എത്തിച്ചുനൽകി. ബ്രിട്ടനാണ് യുക്രൈനെ കൈഅയഞ്ഞ് സഹായിച്ച മറ്റൊരു രാജ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News