ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയാരെന്ന് ഇന്നറിയാം. രാജിവെച്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെ ഫലം അറിയാൻ സാധിക്കും. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയി ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്ന കൺസർവേറ്റീവ് പാർട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്. പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചന പ്രകാരം ലിസ് ട്രസിനാണ് വിജയസാധ്യത കൂടുതൽ.
കൺസർവേറ്റീവ് ബാക്ക്ബഞ്ച് എംപിമാരുടെ കമ്മിറ്റിയായ 1922 കമ്മിറ്റിയുടെ ചെയർമാൻ സർ ഗ്രഹാം ബ്രാഡിയാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുന്നത്. ജയിക്കുന്ന പാർട്ടി ലീഡർ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും.
നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലവധി അവശേഷിച്ചിട്ടുള്ളത്. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും, എനർജി പ്രൈസ് നിയന്ത്രിക്കാനും പുതുതായി സ്ഥാനമേൽക്കുന്ന പ്രധാനമന്ത്രി എന്തുചെയ്യുമെന്നാകും ജനങ്ങൾ ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...