ഒരേസമയം ആകാശത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം ആസ്വദിക്കാം; മായകാഴ്ചകൾ ഒളിപ്പിക്കുന്ന ബ്ലൂ കേവ്

ഈ ഗുഹയിലേക്ക്  എപ്പോൾ എത്തിയാലും സൂര്യനും സമുദ്രവും ആകാശവും ചേര്‍ന്ന് ഒരുക്കുന്ന  നീലിമയുടെ സൗന്ദര്യം ആസ്വദിക്കാനാകും

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 28, 2022, 09:21 PM IST
  • ആകാശത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം
  • വശ്യമായ നീലിമയിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബ്ലൂ കേവ്
  • ഒരുപാട് മായകാഴ്ചകൾ ഒളിപ്പിക്കുന്ന ഗുഹ
ഒരേസമയം ആകാശത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം ആസ്വദിക്കാം; മായകാഴ്ചകൾ ഒളിപ്പിക്കുന്ന ബ്ലൂ കേവ്

ആകാശത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം ഉള്ളിലൊളിപ്പിക്കുന്ന ഒരു ഗുഹ. വശ്യമായ നീലിമയിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബ്ലൂ കേവ്. ക്രൊയേഷ്യ സന്ദർശിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഒരുപാട് മായകാഴ്ചകൾ ഒളിപ്പിക്കുന്ന ഈ ഗുഹ സമ്മാനിക്കുന്നത്.  ക്രൊയേഷ്യയിലെ ബിസേവോ ദ്വീപിലെ ബാലുണ്‍ ഉള്‍ക്കടലിലാണ് ബ്ലൂ കേവ് എന്ന ഈ നീല ഗുഹയുള്ളത്. തീര നഗരമായ കൊമിസയില്‍ നിന്നും വിസില്‍ ദ്വീപിൽ നിന്നും പത്തു കിലോമീറ്ററില്‍ താഴെ ദൂരമാണ് ഇവിടേക്കുള്ളത്. ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റില്‍നിന്ന് ഏകദേശം 69 കിലോമീറ്ററാണ് ബ്ലൂ കേവിലേക്കുള്ള ദൂരം. 

ഈ ഗുഹയിലേക്ക്  എപ്പോൾ എത്തിയാലും സൂര്യനും സമുദ്രവും ആകാശവും ചേര്‍ന്ന് ഒരുക്കുന്ന  നീലിമയുടെ സൗന്ദര്യം ആസ്വദിക്കാനാകും.  ഈ ഗുഹക്കുള്ളില്‍ സവിശേഷമായ നീലനിറം നിറയ്ക്കുന്നത് തെളിഞ്ഞ ആകാശത്തു നിന്നുള്ള ഉച്ചവെയില്‍ കടലില്‍ തട്ടുമ്പോഴുണ്ടാവുന്ന പ്രതിഫലനമാണ്. കാലാവസ്ഥയ്ക്കും സമയത്തിനും അനുസരിച്ച് ഈ നീലനിറത്തില്‍ മാറ്റമുണ്ടാകും. സൂര്യപ്രകാശമുള്ള കൂടുതലുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 11നും 12 നും ഇടക്കാണ് ബ്ലൂ കേവ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

ചുണ്ണാമ്പുകല്ലുകളില്‍ നിരന്തരം സമുദ്രത്തിന്‍റെ തിരയടിയേറ്റാണ് ഈ ഗുഹ രൂപപ്പെട്ടിട്ടുള്ളത്.  ഗുഹയുടെ മേൽത്തട്ടിലുള്ള  അന്തർവാഹിനി പോലെയുള്ള തുറസ്സിലൂടെയാണ് സൂര്യപ്രകാശം അകത്തേക്ക് കടക്കുകയും തുടർന്ന് ഗുഹയ്ക്ക് ചുറ്റും ഒരു നീല തിളങ്ങുന്ന പ്രഭാവം സൃഷ്ടിക്കുകയും ചെയ്യുന്നത്. അതുപോലെ, ഗുഹയുടെ രണ്ട് ഭിത്തികളെ ബന്ധിപ്പിക്കുന്ന ഒരു സ്റ്റോൺ ബാർ, വെള്ളത്തിന് മുകളിലുള്ള ഫോട്ടോഗ്രാഫുകളിലും വെള്ളത്തിനടിയിലുള്ള ഫോട്ടോകളിലും വാട്ടർലൈനിന് തൊട്ടുതാഴെ വ്യക്തമായി കാണാം.

ഈ അപൂര്‍വ ഗുഹയുടെ നീളം ആകെ 24 മീറ്റര്‍ മാത്രമാണ്. ആഴമാകട്ടെ 10 മുതല്‍ 12 മീറ്റര്‍ വരെയുമാണ്. ഒന്നര മീറ്റര്‍ ഉയരവും രണ്ടര മീറ്റര്‍ വീതിയുമുള്ള ഗുഹാമുഖമാണിത്. പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യം പുറം ലോകത്തിന് പരിചയപ്പെടുത്തിയത് ബാരണ്‍ യൂജെന്‍ വോന്‍ റാന്‍സോനെറ്റ് എന്നയാളാണ്. 1884 വരെ ജലത്തിൽ മുങ്ങി മാത്രമാണ് ഈ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നുത്. പിന്നീട് ഡൈനാമിറ്റ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയായിരുന്നു ഇപ്പോഴുള്ള ഗുഹാമുഖം നിര്‍മിച്ചത്. 

ബ്ലൂ കേവ് സ്ഥിതി ചെയ്യുന്ന ബിസേവോ ദ്വീപ് ക്രൊയേഷ്യയിലെ ദ്വീപുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ്.  ഇവിടെ സ്ഥിരതാമസമുള്ളത് ആകെ 15 പേര്‍ മാത്രമാണ്. സഞ്ചാരികള്‍ക്കായി പ്രത്യേകം താമസസൗകര്യമുണ്ടാകില്ല. മാത്രല്ല  ഗുഹയ്ക്കുള്ളില്‍ ഇറങ്ങാനോ കുളിക്കാനോ അവസരമുണ്ടാവുമുണ്ടാകില്ല.  പഞ്ചാര മണല്‍ നിറഞ്ഞ നിരവധി ബീച്ചുകളാണ് ബിസേവോ ദ്വീപിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്പ്ലിറ്റ്, ട്രോഗിര്‍, വിസ്, ഒമിസ് തുടങ്ങിയ സമീപ ദ്വീപുകളില്‍ നിന്നു ബ്ലൂ കേവിലേക്ക് വേഗം എത്താനാകും. മറ്റു ക്രൊയേഷ്യന്‍ ദ്വീപുകളായ ഹ്വാര്‍, ബുഡികൊവാക്, പാക്ലിന്‍സ്‌കി, വിസ്, ബിസേവോ തുടങ്ങിയിലെ കാഴ്ചകള്‍ കൂടി ചേര്‍ത്തുള്ള പാക്കേജുകളാണ് ഇതില്‍ കൂടുതലുമുള്ളത്. 

ബ്ലൂ കേവിലേക്ക് കടക്കാന്‍ പാകത്തിലുള്ള ചെറു റബര്‍ ബോട്ടുകളിലാണ് പിന്നീടുള്ള യാത്ര. നൗടിക്കി സെന്‍റര്‍ കൊമിസ എന്ന ക്രൊയേഷ്യന്‍ കമ്പനിക്കാണ് ഇതിന്റെ ചുമതല. ഇവരുടേതല്ലാത്ത ബോട്ടുകള്‍ക്ക് ഔദ്യോഗികമായി ബ്ലൂ കേവിലേക്ക് പ്രവേശനമുണ്ടാകില്ല. പരമാവധി മൂന്ന് ബോട്ടുകളാകും ഒരേസമയം നീല ഗുഹക്കുള്ളിലേക്ക് കടത്തി വിടുക.  അഞ്ച് മുതല്‍ 15 വരെ മിനിറ്റ് വരെയാണ് ഓരോ ബോട്ടും ബ്ലൂ കേവ് സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള സമയം. ഒരു ബോട്ടില്‍ പരമാവധി 12 പേര്‍ക്ക് കയറാൻ സാധിക്കും. ഈ സമയം മറ്റു ബോട്ടുകള്‍ സന്ദര്‍ശകരുമായി  പുറത്ത് കാത്തു കിടക്കുന്നുണ്ടാകും.

ഇവിടെ  സന്ദര്‍ശകര്‍ കൂടുതലുണ്ടാകുക  ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായിരിക്കും. ഈ നീലഗുഹയില്‍ അഞ്ച് മിനിറ്റ്  ചെലവഴിക്കാനായി രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ചിലപ്പോൾ സഞ്ചാരികള്‍ക്ക് കാത്തു നില്‍ക്കേണ്ടി വരാറുണ്ട്. മറ്റെവിടെയും കാണാൻ സാധിക്കാത്ത  മായക്കാഴ്ചകള്‍ ആസ്വദിക്കനാണ് ഈ കാത്തിരിപ്പ്. എത്ര സമയമെടുത്താലും ഈ കാത്തിരിപ്പ്   നിരാശപ്പെടുത്താറില്ലെന്നതിന്  തെളിവാണ്  ഇവിടേക്ക് വർഷം തോറും ഒഴുകിയെത്താറുള്ള സഞ്ചാരികൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News