ഏത് മേഖലയിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളാണ് ഇന്ന് ദൃശ്യമാകുന്നത്. പണമിടപാടുകളും ഇത്തരത്തിൽ ഡിജിറ്റലായി മാറിയിരിക്കുകയാണ് ഇപ്പോൾ. കൊവിഡ് പ്രതിസന്ധി കാലത്താണ് ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രചാരവും പ്രിയവുമേറിയത്. ഡിജിറ്റലായി പണമിടപാടുകൾ നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും യുപിഐ രീതിയാണ് രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേ ടി.എം തുടങ്ങി യു.പി.ഐ പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകളാണ് ഇന്നുള്ളത്. എന്നാൽ ഇവ ഉപയോഗിക്കാൻ പലപ്പോഴും നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി ഇന്‍റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നത് തന്നെയാകും.
പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളിൽ പണമിടപാടുകൾ നടത്തുമ്പോഴാകും ഇന്‍റർനെറ്റ് തടസം വില്ലനാകുന്നത്. ഇന്റർനെറ്റ് സേവനങ്ങളില്ലെങ്കിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ 123Pay അല്ലെങ്കിൽ USSD അടിസ്ഥാനമാക്കിയുള്ള യുപിഐ സേവനങ്ങൾ മാത്രമാകും ഉപയോഗിക്കാനാവുന്നത്. എന്നാൽ ഇത്തരത്തിലുള്ള USSD രീതികൾ ഉപയോക്താക്കളിൽ മടുപ്പുണ്ടാക്കിയേക്കും. ഇത്തരം രീതികളിൽ QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഈ സന്ദർഭങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ പേയ്‌മെന്റ് കമ്മീഷൻ ഓഫ് ഇന്ത്യ അഥവാ എൻപിസിഐ UPI Lite എന്ന പുതിയ UPI സേവനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റൽ ട്രാൻസാക്ഷൻ വിപ്ലവത്തിന് കാരണമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ വാലറ്റ് വേർഷൻ അവതരിപ്പിക്കാനാണ് എൻപിസിഐ ഒരുങ്ങുന്നത്. ഓൺ ഡിവൈസ് വാലറ്റ് ഓപ്ഷനായാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്.
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഇത്രയും കാലം യുപിഐ പണമിടപാടുകൾ നടത്താൻ കഴിഞ്ഞിരുന്നത്. ഇതിനൊരു മാറ്റം എന്ന നിലയിലാണ് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ഫീച്ചര്‍ ഫോണുകൾ വഴിയും യുപിഐ വഴി പണമിടപാടുകൾ നടത്താനുള്ള സൗകര്യം ആർബിഐ അവതരിപ്പിച്ചത്. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്കും പുതിയ സംവിധാനം വഴി പണമിടപാടുകൾ നടത്താൻ കഴിയും. ചെറിയ മൂല്യമുള്ള ഇടപാടുകൾ ഓഫ്‌ലൈൻ മോഡിലും നടത്താൻ കഴിയും എന്നതാണ് യുപിഐ ലൈറ്റിന്‍റെ പ്രത്യേകത. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) തങ്ങളുടെ മെമ്പർ ബാങ്കുകളെ യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒരു മൊബൈൽ വാലറ്റ് എന്ന നിലയിലാകും യുപിഐ ലൈറ്റ് പ്രവർത്തിക്കുന്നത്. പേടിഎം മൊബിക്വിക്ക് എന്നിവ പോലെയുള്ള മൊബൈൽ വാലറ്റുകൾക്ക് പകരം ഉപയോഗിക്കാനുള്ള ഓപ്ഷൻ കൂടിയായിരിക്കും യുപിഐ ലൈറ്റ്.
ഓഫ്‌ലൈൻ മോഡിൽ ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനുവരിയിൽ തന്നെ അവതരിപ്പിച്ചിരുന്നു. സെൻട്രൽ ബാങ്ക് തയ്യാറാക്കിയ ഈ മോഡൽ അനുസരിച്ചാകും യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുക. യുപിഐ ലൈറ്റ് ആക്റ്റിവേറ്റ് ചെയ്യുന്നതോടെ നിലവിൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ചെറിയ മൂല്യമുള്ള ഇടപാടുകൾ ഓൺലൈൻ ആയി നടത്താൻ സാധിക്കുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള സർക്കുലറും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു. പേടിഎം, ഫ്രീ ചാർജ്ജ്, മൊബിക്വിക്ക് പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമാനമാണ് ഇത്. എന്നാൽ ഇന്റർനെറ്റ് സേവനമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിൽ നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റിന്‍റെ സവിശേഷത. ഇടപാടുകൾ ആദ്യ ഘട്ടത്തിൽ ‘നിയർ ഓഫ്‌ലൈൻ’ മോഡിലും രണ്ടാം ഘട്ടത്തിൽ ഇത് ‘സമ്പൂർണ്ണ ഓഫ്‌ലൈൻ’മോഡിലുമാകും ഉപയോഗിക്കാൻ സാധിക്കുന്നത്
ഇടപാടുകൾ നടത്താനായി 2,000 രൂപയാണ് വാലറ്റ് ബാലൻസ് വേണ്ടത്. ഇതിൽ നിന്നുള്ള ഡെബിറ്റ് മാത്രമാകും അനുവദിക്കുന്നത്. 200 രൂപ വരെയാണ് യുപിഐ ലൈറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയുന്ന പരിധി. ഇത് കൂടാതെ അധിക ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിച്ചോ യുപിഐ ഓട്ടോപേ ഉപയോഗിച്ചോ വാലറ്റിൽ കൂടുതൽ ബാലൻസ് ചേർക്കാൻ സാധിക്കുമെന്നും NPCI വ്യക്തമാക്കുന്നു.എന്നാൽ യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക തീയതിയൊന്നും എൻപിസിഐ വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തിൽ ഒന്നിലധികം ബാങ്കുകളും ആപ്പ് ദാതാക്കളുമായി ചേർന്നാകും പൈലറ്റായി യുപിഐ ലൈറ്റ് ആരംഭിക്കുക എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നത്.
യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് ഓൺലൈനായി പണം ഇടാനായി അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ അല്ലെങ്കിൽ യുപിഐ ഓട്ടോപേ ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളൂ. സ്വകാര്യ മൊബൈൽ വാലറ്റുകളെപ്പോലെ തന്നെ യുപിഐ ലൈറ്റിലെ ബാലൻസിൽ പലിശയൊന്നും തന്നെ ഇടാക്കുകയുമില്ല. ഓൺ ഡിവൈസ് വാലറ്റിലൂടെ ഇടപാടുകൾ നടത്തുന്നതിന് ഉപയോക്താക്കൾ യുപിഐ പിൻ നൽകേണ്ടതില്ല. മാത്രമല്ല, ഒരു ഉപയോക്താവിന് ഒന്നിലധികം യുപിഐ ലൈറ്റ് ബാലൻസുകൾ ഉണ്ടായിരിക്കാമെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
യുപിഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്ത ശേഷം ഉപഭോക്താക്കൾക്ക് ആവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റിലേക്ക് ഫണ്ട് മാറ്റാൻ സാധിക്കും. ഫണ്ട് ചേർത്ത് കഴിഞ്ഞാൽ വാലറ്റ് സേവനം എന്ന നിലയിൽ ഉപയോഗിച്ച് തുടങ്ങാനും സാധിക്കും. എന്നാൽ യുപിഐ ലോഞ്ച് കഴിഞ്ഞുള്ള പ്രാരംഭ ഘട്ടത്തിൽ പൂർണമായും ഓഫ്‌ലൈൻ ആയുള്ള ട്രാൻസാക്ഷൻ അനുവദിക്കില്ല. ഈ സമയങ്ങളിൽ നിയർ ഓഫ്ലൈൻ മോഡ് എന്ന നിലയിലായിരിക്കും യുപിഐ ലൈറ്റ് വഴിയുള്ള ട്രാൻസാക്ഷനുകൾ. അതായത് ഓഫ്‌ലൈൻ മോഡിൽ പേയ്‌മെന്റുകൾ ഡെബിറ്റ് ചെയ്യാൻ അനുവദിക്കുമെങ്കിലും അക്കൗണ്ടിൽ ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നത് ഓൺലൈൻ വഴിയായിരിക്കും. എന്നാൽ സമ്പൂർണ ഓഫ്‌ലൈൻ മോഡിൽ ഡെബിറ്റും ക്രെഡിറ്റും ഓഫ്‌ലൈനായി തന്നെ നടത്താൻ സാധിക്കുന്നതാണ്. സമ്പൂർണ ഓഫ്‌ലൈൻ മോഡിൽ ഇടപാടുകൾ നടത്താനുള്ള ഓപ്ഷൻ പിന്നീട് അവതരിപ്പിക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
123പേ എന്ന പേരിലാണ് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം എത്തുന്നത് . പുതിയ സംവിധാനത്തിലൂടെ മിസ്‌ഡ് കോൾ ബേസ്ഡ് പേയ്‌മെന്റ്, സൗണ്ട് ബേസ്ഡ് പേയ്‌മെന്റ്, ഐവിആർ ബേസ്ഡ് യുപിഐ ഇടപാടുകൾ, ഫീച്ചർ ഫോണുകളിലെ ആപ്പുകൾ വഴി എന്നിങ്ങനെ നാല് പുതിയ ട്രാൻസാക്ഷൻ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. യുപിഐ 123പേയ്ക്കൊപ്പം ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത് സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും 24 മണിക്കൂർ ഹെൽപ്പ് ലൈനായ 'ഡിജിസാഥി'യും ആർബിഐ ലോഞ്ച് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഡിജിസാഥിയിൽ മറുപടി ലഭിക്കുന്നതായിരിക്കും.